കൊളത്തൂർ: അപകടത്തിൽ മരിച്ച കൊളത്തൂർ കണ്ണംതൊടി ലിയാക്കത്തലിയുടെ സ്വപ്നഭവനം നാട്ടുകാരും കൂട്ടുകാരും യാഥാർഥ്യമാക്കി. കെ.ടി. ബാപ്പുട്ടി മുസ്‌ലിയാർ കുടുംബത്തിന് വീട് കൈമാറി.

ഖത്തീബ് കെ.പി. അബ്ദുൾ അസീസ് ഫൈസി അധ്യക്ഷതവഹിച്ചു. ചെറുപ്രായത്തിൽ പിതാവ് മരിച്ച ലിയാക്കത്തലി ഇല്ലായ്മയിൽനിന്ന് വളർന്ന് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായി മാറിയിരുന്നു. വീടിനുള്ള സ്ഥലം രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടി കോഴിക്കോട്ടുനിന്ന് നാട്ടിലേക്കു വരുമ്പോൾ കോട്ടയ്ക്കൽ ചെനയ്ക്കലിൽ വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്.

മൂന്നുവയസ്സുള്ള മകളെയും ഭാര്യയെയും തനിച്ചാക്കി യാത്രയായ ലിയാക്കത്തിന്റെ കുടുംബത്തിന് നാട്ടുകാരും കൂട്ടുകാരും തണലായിമാറി. ചടങ്ങിൽ എം. വിജയലക്ഷ്മി, സൈഫു സിംഫണി, അജീബ് കോമാച്ചി, കെ.പി. ഹംസ എന്നിവരും എ.കെ.പി.എ. അംഗങ്ങളും വീട് നിർമാണസമിതി അംഗങ്ങളും പങ്കെടുത്തു.