വണ്ടൂർ: ആധുനിക സൗകര്യങ്ങളോടെയുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർ വണ്ടൂരിൽ സന്ദർശനം നടത്തി. എ.പി. അനിൽകുമാർ എം.എൽ.എ, കായിക യുവജനക്ഷേമ കാര്യാലയം വകുപ്പ് ചീഫ് എൻജിനീയർ ആർ. ബിജു, എക്സിക്യുട്ടീവ് എൻജിനീയർ അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വി.എം.സി. സ്കൂൾ മൈതാനത്ത് പരിശോധനയ്ക്കെത്തിയത്.

കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഫുട്ബാൾ സ്റ്റേഡിയത്തിന് രണ്ടുകോടി രൂപ അനുവദിച്ചത്. വി.എം.സി. സ്കൂൾ വികസനത്തിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കിയ നുക്ത ബിൽഡേഴ്സ് സ്റ്റേഡിയത്തിന്റെയും രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 10 കോടിയോളം രൂപയുടെ പദ്ധതിക്കാണ് രൂപം നൽകുന്നത്.

ബജറ്റിൽ അനുവദിച്ച തുകയ്ക്കുപുറമേ ജനപ്രതിനിധികളുടെ ഫണ്ടുകൾ കൂടി ഉൾപ്പെടുത്തിയാണ് ആദ്യഘട്ടം നടപ്പാക്കുക. സ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവരുടെ സഹകരണംകൂടി തേടാൻ എം.എൽ.എയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ തീരുമാനമായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ആസ്യ, ജനപ്രതിനിധികളായ അനിൽ നിരവിൽ, കാപ്പിൽ ജോയ്, സി.ടി. ജംഷീർ ബാബു, കെ. പ്രഭാകരൻ, പി. സതീഷ്, ഇ. മുരളി, പ്രിൻസിപ്പൽ ഇ.ടി. ദീപ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.