മലപ്പുറം: കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങളുടെ ഗ്രന്ഥശാല മലപ്പുറത്ത് വരുന്നു. സംസ്ഥാനത്തെ രണ്ടാമത്തേതാണിത്. ലോക വായനദിനമായ ജൂൺ 19-ന് അബ്ദുസമദ് സമദാനി ഗ്രന്ഥശാല ഉദ്ഘാടനംചെയ്യും.

ബ്രെയിൽ ലിപിയുടെ ഉപജ്ഞാതാവ് ലൂയിസ് ബ്രെയിലിയുടെ പേരിലാണ് സിവിൽസ്റ്റേഷനുള്ളിൽ ഗ്രന്ഥശാല തുടങ്ങുക. മലപ്പുറം സർവീസ് സഹകരണബാങ്കാണ് ഇതിന് നേതൃത്വംനൽകുന്നത്. ഗ്രന്ഥശാലയുടെ നടത്തിപ്പുചുമതല കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്‌ ജില്ലാകമ്മിറ്റി നിർവഹിക്കും. ബ്രെയിലി ലിപിയിലുള്ള 300 പുസ്തകങ്ങൾ തുടക്കത്തിലുണ്ടാകും. വിദ്യാഭ്യാസ ആവശ്യത്തിനുള്ളവയ്ക്കു പുറമെ വിവിധ ഭാഷകളിലെ സാഹിത്യഗ്രന്ഥങ്ങളുമുണ്ടാകും. കേട്ടുമനസ്സിലാക്കാനായി ഓഡിയോ റെക്കോർഡുകളുടെ ശേഖരവുമൊരുക്കും. ബ്രെയിലി ലിപിയിലുള്ള പുസ്തകങ്ങൾ വിപണിയിൽ കുറവാണ്. ഇത് കാഴ്ചപരിമിതർക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. അവരുടെ പഠനത്തെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് മലപ്പുറത്ത് ഇത്തരമൊരു ഗ്രന്ഥശാല വരുന്നത്. എല്ലാ പുസ്തകങ്ങളും മറ്റു സൗകര്യങ്ങളും സൗജന്യമായിത്തന്നെ ഉപയോഗിക്കാം. എടുക്കുന്ന പുസ്തകങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചുനൽകണം.

ബ്രെയിൽ ലിപിയിൽ പുസ്തകമുണ്ടാക്കുന്നതിന് കൂടുതൽ ചെലവുണ്ട്. 50 പേജുള്ള പുസ്തകത്തിന് 700 രൂപയെങ്കിലും വരും. പ്രത്യേക കടലാസിലാണ് ഇതു നിർമിക്കേണ്ടത്. പേപ്പറിൽനിന്ന് ഉയർന്നുനിൽക്കുന്ന കുത്തുകളിൽ തൊട്ടാണ് അക്ഷരങ്ങൾ തിരിച്ചറിയുക.