എടപ്പാൾ: മേൽപ്പാലംപണിയുടെ ഭാഗമായി ടൗണിലൂടെ തൃശ്ശൂർഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി തടഞ്ഞതോടെ എടപ്പാൾ മേഖലയിൽ ഗതാഗതക്കുരുക്ക് മുറുകി. വാഹനങ്ങൾ തിരിച്ചുവിടുന്ന പട്ടാമ്പിറോഡിൽ രാവിലെ മുതലാരംഭിച്ച വാഹനങ്ങളുടെ നീണ്ടനിര ഇരുട്ടുംവരെ തുടർന്നു.

അനുബന്ധറോഡുകളിലും കുരുക്ക് മുറുകിയതോടെ വിദ്യാർഥികളും കാൽനടയാത്രക്കാരുമടക്കം പ്രയാസത്തിലായി. ഗതാഗതം തിരിച്ചുവിടുന്നതിലെ അശാസ്ത്രീയതയും ഉപയോഗിക്കുന്ന ചെറിയ പാതകൾ നന്നാക്കാത്തതുമാണ് തിരിച്ചടിയായത്.

കോഴിക്കോട്ടുനിന്നുള്ള വാഹനങ്ങളും പൊന്നാനി, തൃശ്ശൂർ റോഡുകളിൽ നിന്നുള്ളവയുംകൂടി പട്ടാമ്പി റോഡിലേക്ക് തിരിച്ചുവിട്ടതോടെ റോഡിലിടമില്ലാതായി. ബ്ലോക്ക് ഓഫീസിന് എതിർവശത്തുള്ള റോഡ്, ശുകപുരം നടുവട്ടം റോഡ്, വട്ടംകുളം പഞ്ചായത്ത് ഓഫീസ് റോഡ്, കുറ്റിപ്പാല റോഡ് എന്നിവയിലൂടെയാണ് ബസുകളടക്കമുള്ള വാഹനങ്ങൾ തിരിച്ചുവിട്ടത്. എന്നാൽ ഇരുവശത്തുനിന്നും വാഹനങ്ങൾ വന്നതോടെ ഇവിടെയും ഗതാഗതം സ്തംഭിച്ചു.

ബ്ലോക്ക് ഓഫീസിന് എതിർവശത്തുള്ള റോഡ് തകർന്ന് ചെളിമയമായി കിടക്കുകയാണ്. ഗതാഗതം തടയുംമുൻപ് ഇത്തരം റോഡുകൾ നന്നാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും നടന്നില്ല. പഞ്ചായത്ത് ഓഫീസ് റോഡ് വീതികൂട്ടിയെങ്കിലും വൈദ്യുതിക്കാലുകളും കമ്പികളും മാറ്റാത്തതും കുറെഭാഗം ടാറിങ് നടത്താത്തതും അനധികൃത പാർക്കിങ്ങും തിരിച്ചടിയായി.

കൃത്യമായ ആസൂത്രണമില്ലാത്തതാണ് പ്രശ്നമാവുന്നത്. ഗതാഗതം തടയുന്ന വിവരം മുൻകൂട്ടി പരസ്യപ്പെടുത്താൻപോലും പോലീസ് തയ്യാറാവുന്നില്ല. മാധ്യമങ്ങൾ നിർമാണ കമ്പനിക്കാരിൽനിന്ന് കിട്ടുന്ന വിവരംവെച്ചാണ് കാര്യങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നത്.