പുലാമന്തോൾ: കഴിഞ്ഞ പ്രളയത്തിൽ ഇടിഞ്ഞുപോയ പുഴയോടുചേർന്ന കരഭൂമിയുടെ വശങ്ങളിൽ സംരക്ഷണഭിത്തി നിർമാണം തുടങ്ങി. പാലൂർ ചെറുകാട് പമ്പ്ഹൗസ് മുതൽ താഴേക്കുള്ള നൂറുമീറ്റർ ഭാഗമാണ് ആദ്യപടിയായി കരിങ്കൽഭിത്തി നിർമിക്കുന്നത്. മേജർ ഇറിഗേഷൻ വകുപ്പിനുകീഴിൽ നടത്തുന്ന പ്രവൃത്തിക്ക് 38 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പാലൂർ ചെട്ടിയങ്ങാടി മുതൽ ചെമ്മല കൊള്ളിത്തോട് വരെയുള്ള ഒരുകിലോമീറ്റർ ഭാഗത്തെ പുഴയോടുചേർന്ന ഭാഗമാണ് പ്രളയത്തിൽ ഇടിഞ്ഞുപോയത്. പലയിടത്തും ആറുമീറ്റർ വരെ വീതിയിൽ മണ്ണിടിഞ്ഞിരുന്നു. തോട്ടശ്ശേരി മുഹമ്മദ്കുട്ടി, കാഞ്ഞിരക്കടവത്ത് കുഞ്ഞിമ്മു, എം.സി. രായിൻകുട്ടി ഹാജി, സുനിൽ, തോട്ടശ്ശേരി കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരുടെ സ്ഥലങ്ങൾക്കാണ് നാശമുണ്ടായത്. ഉപയോഗശൂന്യമായ പമ്പ്‌ഹൗസ് പുനഃസ്ഥാപിച്ച് മോട്ടോർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. അടുത്തഘട്ടങ്ങളിലായി ഭിത്തിനിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.