തിരൂരങ്ങാടി: ദേവീസ്മരണയിൽ പൊയ്‌ക്കുതിരകളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരങ്ങൾ കളിയാട്ടക്കാവിൽ സംഗമിച്ചു. മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കോഴിക്കളിയാട്ടവും പകൽക്കളിയാട്ടവുമാണ് ആചാരപ്പൊലിമയിൽ വെള്ളിയാഴ്ച നടന്നത്. രാവിലെ സാംബവ മൂപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം കളിയാട്ടക്കാവിലെത്തി കാവുതീണ്ടൽ കർമം നടത്തിയത്. തുടർന്ന് കാവുടയനായർ മുറത്തിലിരുന്ന് കുതിരപ്പണം വാങ്ങുകയും പൊയ്‌ക്കുതിരകളുടെ ഓലചീന്തി ക്ഷേത്രത്തോടുചേർന്ന കുതിരപ്ലാക്കൽ തറയിൽ പൊയ്‌ക്കുതിരകളെ തച്ചുയ്ടയയ്ക്കുന്നതിനുള്ള അനുവാദം നൽകുകയുംചെയ്തു. ഇതിനുശേഷം വിവിധ ദേശങ്ങളിൽനിന്നുള്ള നൂറുകണക്കിന് പൊയ്‌ക്കുതിരസംഘങ്ങൾ കളിയാട്ടക്കാവിൽ സംഗമിച്ചു. ക്ഷേത്രത്തെ വലംവെച്ച സംഘങ്ങൾ ആചാരപ്രകാരം ദക്ഷിണ നൽകുകയും പൊയ്‌ക്കുതിരകളെ തച്ചുയ്ടയ്ക്കുകയും ചെയ്തു. പൈങ്ങാംകുളം, ഭഗവതി വിശ്രമിക്കാനിരുന്നെന്ന് വിശ്വസിക്കുന്ന ആൽത്തറ എന്നിവ ചുറ്റിയാണ് പൊയ്‌ക്കുതിരസംഘങ്ങൾ ക്ഷേത്രത്തിലെത്തിയത്. പൊയ്‌ക്കുതിരസംഘങ്ങൾ കളിയാട്ടക്കാവിലെത്തുന്നത് രാത്രിയും തുടർന്നു. കാവിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിവിധ ദേശങ്ങളിൽനിന്നുള്ള പൊയ്‌ക്കുതിരസംഘങ്ങൾ മമ്പുറം മഖാമിലും സന്ദർശനം നടത്തിയിരുന്നു.

പരമ്പരാഗതമായി മുട്ടിച്ചിറ പള്ളിയിൽ കാവിലേക്ക് പുറപ്പെടുന്ന സംഘങ്ങളുമുണ്ട്. 17-ദിവസം നീളുന്ന കളിയാട്ടം ജൂൺ അഞ്ചിന് നടക്കുന്ന കുടികൂട്ടൽ ചടങ്ങോടെ സമാപിക്കും. ഇതോടെ മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനമാകുകയാണ്. ഇനി തുലാമാസത്തിൽ കടലുണ്ടി പേടിയാട്ടുകാവ് ക്ഷേത്രത്തിലെ വാവുത്സവത്തോടെയാണ് ഉത്സവങ്ങൾക്ക് തുടക്കമാകുക. കളിയാട്ടത്തോടനുബന്ധിച്ച് പരമ്പരാഗതമായി നടന്നുവരുന്ന കാർഷികച്ചന്തയും നടന്നു. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ, ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു.