എടക്കര: അങ്കണവാടികളിൽ നടന്ന പ്രവേശനോത്സവത്തിൽ കുരുന്നുകൾക്ക് ലഭിച്ചത് വൻ വരവേല്പ്‌. ചിരിയും കരച്ചിലും കുസൃതിയുമായി എത്തിയവരെ സ്വീകരിക്കാൻ മുത്തുക്കുടകളും വാദ്യമേളങ്ങളുമായി കാത്തുനിന്നത് നാട്ടിലെ പ്രമുഖർ. മധുര പലഹാരങ്ങൾ നൽകിയാണ് കുരുന്നുകളെ സ്വീകരിച്ചത്. വർണതൊപ്പിയണിഞ്ഞ്, ബലൂണുകളും കൈയിലേന്തിയായിരുന്നു കുട്ടികളുടെ ഘോഷയാത്ര. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൂടുതൽ കുട്ടികളെ അങ്കണവാടികളിൽ എത്തിക്കാനുള്ള അധികൃതരുടെ ശ്രമമാണ് വിജയിച്ചത്. സാമൂഹികക്ഷേമ വകുപ്പും ഗ്രാമപ്പഞ്ചായത്തും ചേർന്നാണ് സ്വീകരണ പരിപാടി ഒരുക്കിയത്. അമ്മമാരുടെ കലാപരിപാടികളും ഉത്സവത്തിന് മിഴിവേകി. വഴിക്കടവ് കാരക്കോട് അങ്കണവാടിയിൽ പഞ്ചായത്തംഗം ജയപ്രകാശൻ ഉദ്ഘാടനംചെയ്തു. എ.ആർ. ഗീത, ഇ. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. മരുത വെണ്ടേക്കുംപൊട്ടിയിൽ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു ഉദ്ഘാടനംചെയ്തു. മൈമൂന അധ്യക്ഷയായി. അറണാടംപാടം അങ്കണവാടിയിൽ പഞ്ചായത്തംഗം എം.കെ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. അധ്യാപിക സുബൈദ, സുലൈഖ, സനീബ്, റജീന എന്നിവർ പ്രസംഗിച്ചു.