മലപ്പുറം: നിയന്ത്രണംവിട്ട സ്കൂൾവാൻ ബൈക്ക് യാത്രക്കാരനെ ഇടിച്ച് സമീപത്തെ വീടിനുമുകളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബൈക്ക് യാത്രക്കാരനും വീട്ടിലുള്ളവർക്കും പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.30-നാണ് സംഭവം. മലപ്പുറം സ്പിന്നിങ് മിൽ വട്ടിപ്പറമ്പ് വിദ്യാനഗർ സ്കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽനിന്ന് വട്ടിപ്പറമ്പിലേക്ക് വരികയായിരുന്ന വാനിന് ഇറക്കത്തിൽ നിയന്ത്രണംനഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ ഫൗസിഖിനെ(28) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൗസിഖിനെ ഇടിച്ച വാൻ താഴ്ഭാഗത്തുള്ള സാമ്പ്രിക്കൽ പാത്തുമ്മയുടെ വീടിന്റെ അടുക്കളയുടെ മേൽക്കൂരയിലിടിച്ചാണ് നിന്നത്. അടുക്കളയിലുണ്ടായിരുന്ന സ്ത്രീകൾക്ക് നിസ്സാര പരിക്കേറ്റു. വീട് പൂർണമായും തകർന്നിട്ടുണ്ട്.