മലപ്പുറം: റോഡ് വീതികൂട്ടി സൗകര്യമാക്കിയപ്പോൾ വൈദ്യുതിത്തൂൺ റോഡിലായി. ഇതു മാറ്റിസ്ഥാപിക്കാത്തത് ഒട്ടേറേ അപകടങ്ങൾക്കും കാരണമായി. മലപ്പുറം മുണ്ടുപറമ്പ് ഫയർ‌സ്റ്റേഷനു സമീപമാണ് വഴിമുടക്കിയായി വൈദ്യുതിത്തൂൺ നിൽക്കുന്നത്. ഞായറാഴ്ച പുലർച്ചെ ഈ തൂണിൽ ഓട്ടോറിക്ഷയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. മൂന്നുമണിക്ക് വേങ്ങര ഭാഗത്തേക്കുപോയ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഇതിലുണ്ടായിരുന്ന ഇളങ്കൂർ പാതിരിക്കോട് കുന്നുമ്മൽ സുരേന്ദ്രൻ (46), ബാലസുബ്രഹ്മണ്യൻ (51), വേങ്ങാട് ജാഫർ (33), പറത്തേടത്ത് ഉബൈദ് (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരെപോകുന്ന റോഡിൽ പെട്ടെന്ന് ഒരു ഭാഗത്തുവെച്ച് വീതികുറയുകയും റോഡിലേക്ക് തള്ളി തൂൺ നിൽക്കുകയുമാണ്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ അറിയാതെ ഇതിൽ വന്നിടിക്കാൻ സാധ്യതയുണ്ട്. വൈദ്യുതിത്തൂൺ മാറ്റിസ്ഥാപിക്കുകയും ഈ ഭാഗത്ത് ടാർചെയ്ത് ഒപ്പമാക്കുകയും ചെയ്താലേ അപകടാവസ്ഥ ഒഴിവാക്കാനാവൂ.