മലപ്പുറം: ഇസ്‌ലാമിക ശരീഅത്തിൽ ഒരുതരത്തിലുള്ള മാറ്റവും വരുത്താൻ സാധ്യമല്ലെന്നും ഓരോ വ്യക്തിക്കും അവന്റെ വിശ്വാസമനുസരിച്ച് ജീവിക്കാൻ ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് സെക്രട്ടറി സഫറിയാബ് ജീലാനി ലക്‌നോ പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉലമാ-ഉമറാ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ബഹുസ്വരസമൂഹത്തിൽ ഇതര സമുദായങ്ങളെ വിശ്വാസത്തിലെടുത്ത് ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കാൻ മതപണ്ഡിതരും ഭരണ കർത്താക്കളും ഉത്തരവാദിത്തം നിറവേറ്റണമെന്ന് സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, അബ്ബാസലി ശിഹാബ് തങ്ങൾ, സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ നദ്‌വി, കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, സി.പി. ഉമർ സുല്ലമി, ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ. അബ്ദുൽ അസീസ്, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എ. നജീബ് മൗലവി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഹക്കീം ഫൈസി ആദൃശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.