പെരിന്തൽമണ്ണ: അവളുടെ നിസ്സഹായതയിലേക്ക് ആഴത്തിൽ ചെന്നെത്തിയ അധ്യാപകരുടെ തിരിച്ചറിവ്. പ്രാരബ്ധങ്ങൾക്കിടയിൽ ഉഴലുന്നൊരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് അതിലൂടെ വെളിച്ചമായി. നഗരസഭയും സഹപാഠികളും നാട്ടുകാരും ചേർന്നപ്പോൾ അവളുടെ സ്വപ്‌നത്തിന് സാഫല്യമായി.

നഗരസഭയിലെ 22-ാം വാർഡിലെ കൊല്ലക്കോട് മുക്കിൽ കൂട്ടായ്മയുടെ സ്‌നേഹത്തിൽ സിനിമോളെന്ന സ്കൂൾ വിദ്യാർഥിനിക്ക് വീടൊരുങ്ങി. പെരിന്തൽമണ്ണ ഗവ. ഗേൾസ് സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു അവൾ. പഠനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കുട്ടികളുടെ വീടുകളിലേക്കുള്ള സന്ദർശനമാണ് സിനിമോളുടെ ജീവിതത്തിന് തുണയായത്. പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാത്ത കുട്ടിയുടെ പ്രശ്‌നമെന്തെന്ന് അന്വേഷിച്ചെത്തിയ അധ്യാപകർ കണ്ടത് പൊളിഞ്ഞുവീഴാറായ വീട്ടിൽ പ്രായമായ മുത്തച്ഛനും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയ്ക്കുമൊപ്പം നിസ്സഹായയായി നിൽക്കുന്ന സിനിമോളെയാണ്. എം. അമ്മിണിയുടെ നേതൃത്വത്തിലുള്ള അധ്യാപകസംഘം വിഷയം നഗരസഭാധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം വീട് സന്ദർശിച്ചു. വീഴാറായ വീട്ടിൽനിന്ന് അടിയന്തരമായി ഇവരെ മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചു. ജനകീയയോഗം ചേർന്ന് ഭവനനിർമാണത്തിന് ജനകീയകമ്മിറ്റിയുണ്ടാക്കി. നഗരസഭാംഗം പത്തത്ത് ആരിഫ്, പി. രാധാകൃഷ്ണൻ, പി. അഷ്‌റഫ് എന്നിവർ ഭാരവാഹികളായി. നഗരസഭയുടെ ഭവനപദ്ധതിയിൽ ഈ കുടുംബത്തെ ഉൾപ്പെടുത്തി സഹായം നൽകാനും ബാക്കിതുക കമ്മിറ്റി കണ്ടെത്താനും തീരുമാനിച്ചു. സ്കൂൾ വിദ്യാർഥികളുടെ സംഭാവനയിലെ ആദ്യതുകയായ 1000 രൂപയിൽനിന്ന് തുടങ്ങി 2018 ജനുവരിയിൽ വീടിന് തറക്കല്ലിട്ടു. നാട്ടുകാരായ ഒരുകൂട്ടം ചെറുപ്പക്കാരും നിർമാണം ഏറ്റെടുത്തു. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും അനുബന്ധ സൗകര്യങ്ങളുമായി 640 ചതുരശ്രയടിയിലാണ് ഒരുവർഷംകൊണ്ട് വീട് പൂർത്തിയാക്കിയത്. 7.20 ലക്ഷംരൂപ ചെലവ് വന്നതിൽ നാലുലക്ഷം നഗരസഭയും 1.50 ലക്ഷം ഗവ. ഗേൾസ് സ്കൂൾ വിദ്യാർഥികളും, 1.70 ലക്ഷം ജനകീയ കമ്മിറ്റിയും സ്വരൂപിച്ചു.

ലളിതമായ ചടങ്ങിൽ വീടിന്റെ താക്കോൽ നഗരസഭാധ്യക്ഷൻ എം. മുഹമ്മദ് സലീമിൽനിന്ന് സിനിമോളും മുത്തച്ഛനും ഏറ്റുവാങ്ങി. പത്തത്ത് ആരിഫ് അധ്യക്ഷനായി. ഉപാധ്യക്ഷ നിഷി അനിൽരാജ്, സെക്രട്ടറി എസ്. അബ്ദുൾ സജീം, രതി അല്ലക്കാട്ടിൽ, കെ. ഉണ്ണികൃഷ്ണൻ, പി. സുബ്രഹ്മണ്യൻ, വി.എം. സുനന്ദ, പി.എം. അഷ്‌റഫ്, പി. ലുക്ക്മാൻ, എം.കെ. അനീഷ എന്നിവർ സംസാരിച്ചു.