പുറത്തൂർ: കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവുംശക്തമായ കടലേറ്റത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കൂട്ടായിയുടെ തീരദേശമേഖല. പൊന്നാനിക്ക് സമാനമായി പല ഭാഗങ്ങളിലും ഇരുനൂറുമീറ്റർവരെ കടൽ കര കയറിയിട്ടുണ്ട്. നിരവധി തെങ്ങുകൾ കടലെടുത്തു. ശക്തമായ തിരയിൽ റോഡുകൾ ഒലിച്ചുപോയി. ചില ഭാഗങ്ങളിൽ മാത്രമായി നിർമിച്ച കടൽഭിത്തിയും തകർന്നിട്ടുണ്ട്. പള്ളിവളപ്പ്, സുൽത്താൻബീച്ച്, കോതപറമ്പ് ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. അതേസമയം കൂട്ടായി മേഖലയിൽ കടലിനോടുചേർന്നുള്ള വീടുകൾ തീരെ കുറവായതിനാൽ തീരദേശകുടുംബങ്ങൾക്ക് വലിയ ഭീഷണിയില്ല. എന്നാൽ പതിവില്ലാത്തവിധം കടൽ കരകയറുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 2004-ലെ സുനാമിയിൽപ്പോലും ഇത്ര ശക്തമായ തിരമാലകൾ കൂട്ടായി മേഖലയിൽ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരനായ ഈസ്പാടത്ത് റഷീദ് പറഞ്ഞു.

നൂറോളം തെങ്ങുകൾ ഏതുനിമിഷവും കടെലെടുക്കുമെന്ന അവസ്ഥയിലാണ്.

കഴിഞ്ഞയാഴ്ച പടിഞ്ഞാറെക്കര അഴിമുഖത്ത് നിർത്തിയിട്ട ഫൈബർവള്ളങ്ങൾ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി കോടികളുടെ നഷ്ടം മത്സ്യത്തൊഴിലാളികൾ നേരിട്ടിരുന്നു. ചുരുങ്ങിയത് ആറ് മാസമെങ്കിലും തകരാറിലായ ഫൈബറുകൾ നന്നാക്കിയെടുക്കാൻ വേണ്ടിവരും. ഇക്കാരണത്താൽ ജോലി ഇല്ലാതെ കുടുംബംപോറ്റാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കടൽഭിത്തി കെട്ടാത്ത പലഭാഗങ്ങളിലും കടൽകയറി റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇതോടെ വലിയ വാഹനങ്ങൾക്ക് ഇതുവഴി സർവീസ് നടത്താൻ പറ്റാത്ത അവസ്ഥയാണ്.