മഞ്ചേരി: പയ്യനാട് താമരശ്ശേരി കറുത്തേടത്ത് എം.എം.എൽ.പി. സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.

ജീർണിച്ച കെട്ടിടങ്ങളിലാണ് 146 വിദ്യാർഥികൾ പഠിക്കുന്നത്. അടിത്തറയും മേൽക്കൂരയും തകർന്ന നിലയിലാണ്. മഴക്കാലമായതോടെ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്. സ്കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഇല്ല. അവികസിതമായ ഈ പ്രദേശത്ത് മറ്റൊരു സ്കൂളില്ല. മുൻപ്‌ പി.ടി.എയും നാട്ടുകാരും ചേർന്നാണ് അറ്റകുറ്റപ്പണി നടത്തിയിരുന്നത്. മഞ്ചേരി നഗരസഭ, ബാലാവകാശ കമ്മിഷൻ, എ.ഇ.ഒ. തുടങ്ങിയവർക്ക് പരാതിനൽകിയെങ്കിലും ഫലമുണ്ടായില്ല. സ്‌കൂളിലെത്തിയ ചൈൽഡ് പ്രവർത്തകർക്കും ശോച്യാവസ്ഥ ബോധ്യപ്പെട്ടിരുന്നു. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച നടപടികൾ സ്വീകരിക്കണമെന്ന് അവർ റിപ്പോർട്ടിലൂടെ ആവശ്യപ്പെട്ടിട്ടുമുണ്ട്. സ്കൂളിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് കർമസമിതി.