കോട്ടയം : ഓട്ടോ ഡ്രൈവർ, വഴിയോരക്കച്ചവടക്കാരി, വീട്ടമ്മമാർ... ഇങ്ങനെ സാധാരണക്കാരെ അണിനിരത്തി തദ്ദേശപ്പോരിൽ കളംപിടിക്കാൻ ആം ആദ്മി പാർട്ടിയും. 128 വാർഡുകളിൽ ആപ്പിന് സ്ഥാനാർഥികളുണ്ട്. കോട്ടയത്താണ് കൂടുതൽ(66)പേർ. ചിഹ്നം ചൂൽ തന്നെ.
അഴിമതിക്കെതിരേ ഡൽഹിയിൽ ചൂലുമായി ഇറങ്ങി മുഖ്യരാഷ്ട്രീയകക്ഷികളെ തൂത്തുവാരി പുറത്തിട്ടതാണ് ആം ആദ്മി പാർട്ടി.
കുറച്ചുകാലമായി പാർട്ടി കേരളത്തിൽ സജീവമല്ലായിരുന്നു. നിലവിൽ പാർട്ടിക്ക് പ്രസിഡന്റുമില്ല. ഫെയ്സ്ബുക്ക് പേജിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയാണ് ഇത്തവണ സ്ഥാനാർഥികളെ കണ്ടെത്തിയതെന്ന് ട്രഷറർ ജോസ് മാത്യു ഓലിക്കൽ പറഞ്ഞു. സ്ഥാനാർഥിത്വത്തിന് നാനൂറിലധികംപേർ അപേക്ഷിച്ചു. ഫോണിലൂടെ അഭിമുഖം നടത്തി സ്ഥാനാർഥികളെ തിരഞ്ഞെടുത്തു. ഡൽഹി മോഡൽ ജനകീയ ഭരണത്തിന്റെ നേട്ടങ്ങൾ വോട്ടർമാരോട് വിശദികരിക്കുമെന്ന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ പി.സി. സിറിയക് പറഞ്ഞു.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഞ്ചിടത്ത് മത്സരിച്ചു. രണ്ടുശതമാനം വോട്ടാണ് കിട്ടിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും മത്സരിക്കാനായി പുനഃസംഘടനയ്ക്കൊരുങ്ങുകയാണ് പാർട്ടി.