തിരൂർ: തിരൂർ ബ്ളോക്ക്‌പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും തിരൂർ ടൗൺഹാളിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു.
പൗരത്വത്തിന് തെളിവുചോദിച്ചു വരുന്നവർക്ക് ഞാനീനാട്ടിലെ താമസക്കാരനാണെന്ന് തെളിവുനൽക്കാൻ താമസിക്കുന്ന കൂര വിൽക്കാതെ തെളിവായി കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു.
ജീവിച്ചിരിക്കുമ്പോൾ നിങ്ങളുടെ ഭൂമി മക്കൾക്ക് നൽകിയാൽ അവർ പിന്നീട് പട്ടിയുടെ വില കൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ നാല് മിഷനുകളിൽ പ്രാധാനപ്പെട്ടത് ലൈഫ് മിഷനാണ്. പാവപ്പെട്ടവന് വീടുവെക്കാൻ പണം തികയാതെവരുന്ന സാഹചര്യം ഒഴിവാക്കി വലിയ പ്രയാസങ്ങളില്ലാതെ വീടുവെക്കാൻ കഴിയണം. ലൈഫ് മിഷൻ പദ്ധതിയിൽ നാലുലക്ഷം രൂപ പാവപ്പെട്ടവന് വീടുവെക്കാൻ സർക്കാർ നൽകി. ജനോപകാരപ്രദമായ ഈ പദ്ധതി കുറ്റമറ്റതാക്കാനും വിജയിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നന്നായി പരിശ്രമിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ നൽകിയത് തിരൂർ ബ്ളോക്ക് പഞ്ചായത്താണ്. ആറ് പഞ്ചായത്തുകളിൽ നിന്നായി 1312 വീടുകളാണ് നൽകിയത്. പൗരത്വനിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ റേഷൻകാർഡില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും റേഷൻകാർഡ് നൽകാനും കാർഡിൽ പ്രവാസികളുടേതടക്കമുള്ളവരുടെ പേര് ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബ്ളോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് സി.പി. റംല അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സി.പി. ഷുക്കൂർ, വി.ഇ. ലത്തീഫ്, ഉമ്മർ പുറത്തൂർ, യശോദ കോഴിശ്ശേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ റംല നെല്ലാഞ്ചേരി, റഹ്‌മത്ത് സൗദ, ഹാജറ മജീദ്, ഫൈസൽ എടശ്ശേരി, പി. കുമാരൻ, എം. കുഞ്ഞിബാവ, പ്രോജക്ട് ഓഫീസർ പ്രീതി മേനോൻ എന്നിവർ പ്രസംഗിച്ചു.
അദാലത്തിൽ അപേക്ഷനൽകിയ പറവണ്ണ സ്വദേശി കുഞ്ഞാലകത്ത് മുനീറയുടെ കുടുംബത്തിന് അപേക്ഷനൽകി ഒരുമണിക്കൂറിനുള്ളിൽ തയ്യാറാക്കിയ റേഷൻ കാർഡ് മന്ത്രി വേദിയിൽ വെച്ച് നൽകി. തുടർന്ന് ബ്ളോക്കിലെ മുഴുവൻ പഞ്ചായത്തിലെ വി.ഇ.ഒമാരെയും ചടങ്ങിൽ ആദരിച്ചു. ഇരുപതോളം വകുപ്പുകളുടെ സേവനം അദാലത്തിൽ ലഭ്യമായിരുന്നു.