കൽപകഞ്ചേരി: പത്രപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് സർക്കാർ യാതൊരുവിധ സംരക്ഷണവും നൽകില്ലെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ബഷീറിന്റെ വീട് സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആദ്ദേഹം.

ട്രാഫിക് നിയമങ്ങളെക്കുറിച്ച് മുമ്പ് പത്രക്കാരുടെ ചോദ്യങ്ങൾക്ക് അവജ്ഞയോടെ മറുപടി നൽകിയ വ്യക്തിയാണ് ഇദ്ദേഹം. മലയാളികളെ ഒന്നടങ്കം സങ്കടത്തിലാക്കിയ മരണമാണിതെന്നും അനാഥമായ ബഷീറിന്റെ കുടുംബം ഇപ്പോൾ നമ്മുടെയെല്ലാം കുടുംബമാണെന്നും കുടുംബത്തെ സംരക്ഷിക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച വിജയരാഘവൻ ബഷീറിന്റെ മകൾ ജന്നയെ ചേർത്ത് പിടിച്ച് പഠനകാര്യങ്ങളും മറ്റും തിരക്കി.

ഭാര്യാ പിതാവ് മുഹമ്മദ് കുട്ടിയുമായും സഹോദരിയുടെ മകൻ അജ്മലുമായും സംസാരിച്ചു. എ. വിജയരാഘവന്റെ കൂടെ ജില്ലാ സെക്രട്ടേറിയറ്റംഗം ഇ. ജയൻ, ഏരിയാ സെക്രട്ടറി ഹംസക്കുട്ടി, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ആഷിക് കൈനിക്കര, ലോക്കൽ സെക്രട്ടറി സി.പി. ശശിധരൻ തുടങ്ങിയവരുമുണ്ടായിരുന്നു