കുറ്റിപ്പുറം/പൊന്നാനി: മഴ പെയ്തൊഴിഞ്ഞതോടെ കുറ്റിപ്പുറം-പൊന്നാനി ദേശീയപാത തകർന്നു. അപകടത്തിനിടയാക്കുന്ന വലിയ കുഴികളാണ് റോഡുമുഴുവനുമിപ്പോൾ. കുറ്റിപ്പുറം മുതൽ പൊന്നാനി പള്ളപ്രം വരെ റോഡിന്റെ അവസ്ഥ ദയനീയവും അപകടകരവുമാണ്.

പൊതുവേ അപകടസാധ്യതയേറെയുള്ള പാതയാണിത്. വ്യത്യസ്ത അപകടങ്ങളിലായി ഒട്ടേറേപ്പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

ഈ പാതയിൽ വലിയ കുഴികൾകൂടി രൂപപ്പെട്ടത് അപകടഭീഷണി വർധിക്കാനും കാരണമായിട്ടുണ്ട്.

ചെറിയ രീതിയിൽ റോഡ് തകർന്നിരുന്നെങ്കിലും മഴ ശക്തമായതോടെയാണ് പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടത്. കുഴികളിൽ മഴപെയ്ത് വെള്ളം നിൽക്കുന്നത് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടാനും കാരണമാകുന്നുണ്ട്.

റോഡിന്റെ തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കൂരടയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. വിജയന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു.

കുഴികൾ താത്കാലികമായി അടച്ച് പരിഹാരമുണ്ടാക്കാമെന്ന് പോലീസ് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

ഞായറാഴ്ച പൊന്നാനി പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും മറ്റ്‌ സന്നദ്ധസംഘടനകളും ചേർന്ന് കരിങ്കൽപ്പൊടി ഉപയോഗിച്ച് റോഡിലെ കുഴികൾ അടച്ചു. ദേശീയപാത വിഭാഗത്തിന്റെ കുഴിയടയ്ക്കൽ വൈകുമെന്ന് ഉറപ്പായതോടെ വിദ്യാർഥികളുടെയും മറ്റു സംഘടനകളുടെയും സഹായത്തോടെ കുഴികൾ നികത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു.

പൊന്നാനി ജനമൈത്രി പോലീസിനെക്കൂടാതെ ഹൈവേ പോലീസ്, തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വൊളണ്ടിയർമാർ, വൈസ് മെൻസ്, ലയൺസ് ക്ലബ്ബ് പ്രവർത്തകർ, ഇൻസൈറ്റ് പൊന്നാനി പ്രവർത്തകർ എന്നിവർ ചേർന്നാണ് കുഴികൾഅടച്ചത്. പൊന്നാനി പള്ളപ്രം മുതൽ നരിപ്പറമ്പ് വരെയുള്ള കുഴികളാണ് നികത്തിയത്. നരിപ്പറമ്പ് മുതൽ കുറ്റിപ്പുറം വരെയുള്ള ഭാഗത്തെ കുഴികൾ തിങ്കളാഴ്ച തൂർക്കാനാണ് ഉദ്ദേശിക്കുന്നത്.

പൊന്നാനി ജനമൈത്രി പോലീസ്‌സ്റ്റേഷൻ എ.എസ്.ഐ. എം.വി. വാസുണ്ണി കുഴിയടയ്ക്കൽ ഉദ്ഘാടനംചെയ്തു. സമീർ ഡയാന, ഹൈവേ പോലീസ് എ.എസ്.ഐ. ഭക്തവത്സലൻ, സബീർ, മനോജ്, ഇബ്രാഹിം, സിജിമോൻ, മീര, രാധിക എന്നിവർ പ്രസംഗിച്ചു.