കുറ്റിപ്പുറം : കുറ്റിപ്പുറം പാലത്തിൽനിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ ആളെ മണിക്കൂറുകളോളം തിരഞ്ഞിട്ടും കണ്ടെത്താനായില്ല.

തിങ്കളാഴ്ച പകൽ 11.30-ഓടെയാണ് ഒരാൾ പുഴയിൽ ചാടിയതായി പോലീസിൽ വിവരം ലഭിച്ചത്. പാലത്തിലൂടെപോയ ബൈക്ക് യാത്രികനാണ് വിവരം അറിയിച്ചത്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ശക്തമായ ഒഴുക്കും ഉണ്ട്. കുറ്റിപ്പുറം ഭാഗത്തുനിന്നുള്ള നാലാമത്തെ കമാനത്തിന്റെ കൈവരികൾ മറികടന്ന് വടക്കോട്ടാണ് ആൾ ചാടിയതെന്നാണ് ബൈക്ക് യാത്രികൻ നൽകിയ വിവരം. കാവി മുണ്ട് ധരിച്ച ഒരാൾ ഒഴുകിപ്പോകുന്നത് കണ്ടതായി തൊഴിലാളികളും പറഞ്ഞു.

പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും മിനിപമ്പയിലെ ലൈഫ് ഗാർഡുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരും നാട്ടുകാരുംചേർന്നാണ് തിരച്ചിൽ ആരംഭിച്ചത്. ശക്തമായ ഒഴുക്കുള്ളതിനാൽ നിളയോരം പാർക്ക്, രാങ്ങാട്ടൂർ, തിരുനാവായ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ ആരംഭിച്ചത്.

ഉച്ചയോടെ നിലമ്പൂരിൽനിന്നുള്ള സ്വകാര്യ ഏജൻസിയും തിരച്ചിലിനായെത്തി. ഇ.ആർ.എഫ്. അംഗങ്ങൾ തിരച്ചിൽ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും ആവശ്യമായ നിർദേശങ്ങൾ നൽകി സ്ഥലത്തുണ്ടായിരുന്നു.

രാത്രിയായതോടെ തിരച്ചിൽ തത്കാലം നിർത്തിവെച്ചു.