കുറ്റിപ്പുറം പാലത്തിന്റെ ഉപരിതലത്തിലെ തകര്‍ച്ച
കുറ്റിപ്പുറം പാലത്തിന്റെ ഉപരിതലത്തിലെ തകര്‍ച്ച

കുറ്റിപ്പുറം: ദേശീയപാത 66-ൽ ഭാരതപ്പുഴയ്ക്കുകുറുകെയുള്ള കുറ്റിപ്പുറംപാലം അറ്റകുറ്റപ്പണിയ്ക്കായി നവംബർ ആറുമുതൽ അടയ്ക്കും. രാത്രി ഗതാഗതനിരോധനം ഏർപ്പെടുത്തും.

രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ പാലംവഴിയുള്ള ഗതാഗതം നിരോധിക്കാൻ മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ ദേശീയപാത പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനിച്ചത്. എട്ടുദിവസത്തേക്കാണ് നിരോധനം .

1953-ലാണ് കുറ്റിപ്പുറംപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിരുന്നില്ല. ഇതാദ്യമായാണ് ഗതാഗതം പൂർണമായും നിരോധിച്ചശേഷം പാലത്തിൽ അറ്റകുറ്റപ്പണി നടത്തുന്നത്. ഉപരിതലത്തിലെ കോൺക്രീറ്റ് പാളികൾ തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനുപുറമേ പാലത്തിന്റെ ഉറപ്പിനെവരെ ബാധിക്കുന്ന രീതിയിലാണ് ഉപരിതലത്തിലെ തകർച്ച. ഇക്കാര്യം ചൂണ്ടിക്കാട്ടി ’മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.

29 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപരിതലം നവീകരിക്കുന്നത്. തകർന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തശേഷം രണ്ട് പാളികളായി ടാറിങ് നടത്തിയാണ് പാലം ഗതാഗതയോഗ്യമാക്കുക. പാലംവഴിയിലുള്ള ഗതാഗതം പൂർണമായും നിരോധിക്കുന്നത് മലബാറിലേക്കും തിരിച്ചുമുള്ള യാത്രകളെ ബാധിക്കും. കേരളത്തിലെ വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പാലമാണ് കുറ്റിപ്പുറത്തേത്. പ്രദേശവാസികളുടെയും മറ്റും സൗകര്യം കണക്കിലെടുത്ത് കാൽനടയായി പാലം കടക്കാൻ സംവിധാനമൊരുക്കും.

യാത്രയ്ക്ക് ഈവഴികൾ ...

തെക്കൻ ജില്ലകളിലേക്ക്‌

 

ചമ്രവട്ടം പാലം വഴി : കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചേളാരിയിൽനിന്ന് തിരിഞ്ഞ് പരപ്പനങ്ങാടി, താനൂർ, തിരൂർ വഴി ചമ്രവട്ടംപാലം കടന്ന് പൊന്നാനിയിലെത്താം. ദീർഘദൂര വാഹനങ്ങൾക്ക് ഇവിടെനിന്ന് ചാവക്കാട് വഴി ഇടപ്പള്ളിയിലെത്താം. ഹ്രസ്വദൂര യാത്രക്കാർക്ക് ചമ്രവട്ടം പാലംകടന്നാൽ പൊന്നാനി, എടപ്പാൾ വഴി തൃശ്ശൂർ ഭാഗത്തേയ്ക്ക് യാത്രചെയ്യാം.

കോട്ടയ്ക്കൽ ഭാഗത്തുനിന്ന് വരുന്നവർക്ക് എടരിക്കോട്നിന്ന് തിരൂർവഴി എത്തി ചമ്രവട്ടം പാലം കടക്കാം. അല്ലെങ്കിൽ പുത്തനത്താണി-തിരുനാവായ-ബി.പി. അങ്ങാടി വഴിയോ കൊടയ്ക്കൽ, ആലത്തിയൂർ വഴിയോ, പുത്തനത്താണി-വൈലത്തൂർ-തിരൂർ വഴിയോ എത്തി ചമ്രവട്ടം പാലം കടക്കാം.

പട്ടാമ്പി പാലം: വളാഞ്ചേരിയിൽനിന്ന് കൊപ്പം വഴിയെത്തി പട്ടാമ്പിപാലം കടന്ന് കൂറ്റനാട് വഴി പെരുമ്പിലാവിലെത്താം.

വെള്ളിയാങ്കല്ല്പാലം: വളാഞ്ചേരിയിൽനിന്ന് തിരുവേഗപ്പുറ-പള്ളിപ്പുറം വഴിയെത്തി വെള്ളിയാങ്കല്ല്പാലം കടന്നാൽ തൃത്താല-കൂറ്റനാട് വഴി പെരുമ്പിലാവിലെത്താം.

വടക്കൻ ജില്ലകളിലേക്ക്‌

ചമ്രവട്ടംപാലം : ഇടപ്പള്ളി-ചാവക്കാട്-പൊന്നാനി വഴി ചമ്രവട്ടംപാലം കടക്കാം. എടപ്പാൾ നടുവട്ടം-കരിങ്കല്ലത്താണി വഴിയെത്തി ചമ്രവട്ടം പാലത്തിലെത്താം. എടപ്പാൾ ചുങ്കത്തുനിന്ന് പൊന്നാനി ചമ്രവട്ടം ജങ്ഷൻ വഴിയോ പെരുമ്പറമ്പ് നരിപ്പറമ്പ് വഴിയോ ചമ്രവട്ടംപാലത്തിലെത്താം.

ചമ്രവട്ടംപാലം കടന്നശേഷം വാഹനങ്ങൾക്ക് തിരൂർ-താനൂർ-പരപ്പനങ്ങാടി വഴി ചേളാരിയിലോ തിരൂർ വഴി എടരിക്കോടോ തിരുനാവായ വഴി പുത്തനത്താണിയിലോ എത്താം.

പട്ടാമ്പിപ്പാലം: പെരുമ്പിലാവ്-കൂറ്റനാട്‌ വഴി പട്ടാമ്പിപ്പാലം കടന്ന് കൊപ്പംവഴി വളാഞ്ചേരിയിലെത്താം.

വെള്ളിയാങ്കല്ല് പാലം: പെരുമ്പിലാവ്-കുറ്റനാട്-തൃത്താല വഴി വെള്ളിയാങ്കല്ല്പാലം കടന്നശേഷം പള്ളിപ്പുറം-തിരുവേഗപ്പുറ വഴി വളാഞ്ചേരിയിലെത്താം.