കുറ്റിപ്പുറം: കാസർകോടുനിന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ച മുൻപ്രധാനമന്ത്രി വാജ്‌പേയിയുടെ ചിതാഭസ്മവും വഹിച്ചുള്ള നിമജ്ജന യാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി.
ജില്ലാ അതിർത്തിയായ ഇടിമുഴിക്കലിൽ ബി.ജെ.പി. നേതാക്കളായ കെ. ജനചന്ദ്രൻ, സി. വാസുദേവൻ, ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കുറ്റിപ്പുറത്ത പ്രത്യേകം സജ്ജീകരിച്ച വേദിയിൽവെച്ച് പി.എസ്. ശ്രീധരൻ പിള്ളയിൽനിന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ ചിതാഭസ്മ കലശം ഏറ്റുവാങ്ങി.
ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ശനിയാഴ്ച രാവിലെ 10-ന് നിളാനദിയിലെ ത്രിമൂർത്തിസംഗമസ്ഥാനമായ തിരുനാവായയിൽ നിമജ്ജനം ചെയ്യും. രാഷ്ട്രസ്‌നേഹം മുറുകെപ്പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു അടൽ ബിഹാരി വാജ്‌പേയിയെന്ന് അനുസ്മരണ പ്രഭാഷണത്തിൽ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. വരാൻപോകുന്ന തലമുറകളെക്കുറിച്ച് ചിന്തിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു വാജ്‌പേയിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ. രാമചന്ദ്രൻ അധ്യക്ഷനായി. രവി തേലത്ത്, പി.എം. വേലായുധൻ, വി.വി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി. നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, അഡ്വ. ജെ.ആർ. പദ്മകുമാർ, എ.എൻ. രാധാകൃഷ്ണൻ, അഡ്വ. പ്രകാശ് ബാബു, എം. ഗണേശ്, പി. സുധീർ, കെ. രഞ്ജിത്ത് തുടങ്ങിയവർ ചിതാഭസ്മത്തിൽ പുഷ്പാർച്ചന നടത്തി.