കുറ്റിപ്പുറം : വിദ്യാർഥികളായ കുട്ടികളെ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാളെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ്‌ചെയ്തു. കുറ്റിപ്പുറം പള്ളിപ്പടി കുന്നത്തുവീട്ടിൽ മുസ്തഫ(50)യെയാണ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റ്‌ചെയ്തത്.
മൂന്ന് കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്. രാത്രിയിൽ പള്ളിയിൽനിന്ന് മടങ്ങുന്ന കുട്ടികളെ വീട്ടിലാക്കാനായി കൂട്ടിക്കൊണ്ടുപോകുകയും ഇടവഴികളിൽവെച്ചും നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു. 13 വയസ്സിനു താഴെയുള്ള മൂന്ന് കുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
ഒരുകുട്ടിയെ ഒന്നരവർഷത്തോളമായി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. സമീപകാലത്ത് പീഡനത്തിനിരയായ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നി വീട്ടുകാർ ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് രക്ഷിതാക്കൾ പോലീസ്‌സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്ത് കോവിഡ് നിരീക്ഷണ സെല്ലിലേക്ക് മാറ്റി.