കുറ്റിപ്പുറം: ദേശീയപാതയിലെ പാണ്ടികശാലയിൽ ചൊവ്വാഴ്ച അർധരാത്രിയോടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെനില ഗുരുതരമായി തുടരുന്നു. കർണാടകത്തിലെ ഹിരിയൂർ സ്വദേശികളായ രംഗനാഥ് (39), രംഗസ്വാമി (39) എന്നിവരാണ് സാരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുള്ളത്. അപകടത്തിൽ രണ്ടുപേരാണ് മരിച്ചത്.
പാണ്ടികശാല ഇറക്കത്തിലാണ് അപകടമുണ്ടായത്. കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന വാനും എതിരേ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വാനിലുണ്ടായിരുന്ന ഹിരിയൂർ സ്വദേശികളായ പാണ്ഡുരംഗ (34), പ്രഭാകർ (50) എന്നിവരാണ് മരിച്ചത്. ഹിരിയൂർ നഗരസഭാംഗമാണ് പാണ്ഡുരംഗ. വിനോദയാത്രയ്ക്കായാണ് സംഘം കേരളത്തിലെത്തിയത്.
കോഴിക്കോട്ടുനിന്ന് ഗുരുവായൂർ വഴി എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് അപകടം. നിയന്ത്രണംവിട്ട ചരക്ക്‌ലോറി കാറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ കർണാടകം സ്വദേശികളായ അവിനാശ് (39), സദ്ദാം (29), കരുണകുമാർ (30), സലാവുദ്ദീൻ (38) എന്നിവർ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.