കോട്ടയ്ക്കൽ: അസമിലെ ഒരേജില്ലയിൽനിന്ന് ജോലിതേടിയെത്തിയവരാണ് ഒന്നിച്ച് മരണത്തിന് കീഴടങ്ങിയത്. പെരുങ്കുളത്ത് ക്വാറിയിൽ മണ്ണിടിഞ്ഞുമരിച്ച സനോവർ അലിയും അബ്ദുൽഖാദറും കുറച്ചുനാളുകൾക്ക് മുമ്പാണ് കേരളത്തിലെത്തിയത്. ക്വാറിപ്രവർത്തനം കുറച്ചുദിവസങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സുഹൃത്തുക്കളോടൊപ്പം മെഷീനെടുക്കാനായി ഇവർ ക്വാറിയിലെത്തിയത്.
സ്ഥലത്ത് അഞ്ചരമീറ്റർ ആഴത്തിലും 45 മീറ്റർനീളത്തിലും 18 മീറ്റർ വീതിയിലും ഖനനം നടന്നിട്ടുണ്ടെന്ന് തിരൂർ തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങൾക്കുമുമ്പ് ഇവിടെ ചെങ്കൽക്വാറി നടത്തി മണ്ണിട്ട് മൂടിയിരുന്നു. അവിടെനിന്നാണ് ഇപ്പോൾ ഖനനം നടത്തിയിരുന്നത്. മണ്ണിട്ടുമൂടിയ ഭാഗത്തിനും ഇപ്പോൾ ചെങ്കൽക്വാറി നടത്തി താഴ്ത്തിയ ഭാഗത്തിനും ഇടയിൽ 40-50 സെന്റിമീറ്റർ കനത്തിൽ ചെങ്കല്ലിന്റെ മതിലായിരുന്നു. മണ്ണിട്ട ഭാഗത്തിന്റെ മർദംമൂലം ഈ ചെങ്കൽമതിൽ പൊട്ടുകയും ഇപ്പോൾ നടത്തിയ ചെങ്കൽക്വാറിക്കകത്തേക്ക് മണ്ണിടിയുകയുമായിരുന്നു. മണ്ണിടിയുന്നതുകണ്ട് ഒാടിരക്ഷപ്പെട്ട സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്. ഒരാളുടെ മുഖം തിരിച്ചറിയാൻ കഴിയാത്ത നിലയിലും മറ്റൊരാളുടെ ശരീരം വികൃതമായ നിലയിലുമായിരുന്നു.
കേസെടുത്തു, വിശദാംശങ്ങൾ അറിയാതെ പോലീസ്
രണ്ടുപേരുടെ മരണത്തിനിടയാക്കിയ ക്വാറിനടത്തിപ്പുകാരായ രണ്ടാളുടെ പേരിൽ കേസെടുത്തെങ്കിലും വിശദാംശങ്ങൾ അറിയില്ലെന്ന് പോലീസ്. സംഭവംനടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും വെട്ടിച്ചിറ സ്വദേശികളായ മുഹമ്മദലി, മൻസൂർ എന്നിവരാണ് ക്വാറി നടത്തിയതെന്ന് മാത്രമേ പോലീസിനറിയൂ. ഇവരുടെ വീട്ടുപേരോ മറ്റു വിവരങ്ങളോ അറിയില്ല. എന്നാൽ തഹസിൽദാറുടെ റിപ്പോർട്ടിൽ സ്ഥലവും വീട്ടുപേരും വ്യക്തമായി ഉണ്ട്.
അനധികൃത ക്വാറികൾ നിരവധി
കോട്ടയ്ക്കൽ: മാറാക്കര, പൊന്മള, മേൽമുറി വില്ലേജുകളിൽ പ്രവർത്തിക്കുന്നത് നിരവധി ക്വാറികളാണ്. ജിയോളജി വകുപ്പിന്റെ പരിശോധനയിൽ മേൽമുറി വില്ലേജിൽ എട്ട് ക്വാറികളും മാറാക്കരയിൽ മൂന്ന് ക്വാറികളും പെന്മളയിൽ ഒരു ക്വാറിയും അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവ നിർത്തിവെക്കാനും പിഴ ഈടാക്കാനും നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൽ പൊന്മള വില്ലേജിലെ ക്വാറിക്ക് പിഴ ഈടാക്കിയിട്ടുണ്ട്. എന്നാൽ അപകടംനടന്ന ക്വാറി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ജില്ലയുടെ വിവിധഭാഗങ്ങളിൽ ഇത്തരത്തിൽ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.