കോട്ടയ്ക്കൽ: കോട്ടയ്ക്കലിൽനിന്ന് 30 പവൻ സ്വർണം മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പരപ്പനങ്ങാടി സ്വദേശി കുഞ്ഞൻ എന്ന അറമുഖൻ(24), താനൂർ പനങ്ങാട്ടൂർ തയ്യിൽപറമ്പിൽ മഞ്ജുനാഥ്(39) ഇയാളുടെ ഭാര്യ പാഞ്ചാലി(33) എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയ്ക്കലിലെ ആയുർവേദ ഡോക്ടറുടെ വീട്ടിൽനിന്ന് ‍ഡിസംബർ 22-നാണ് 30 പവനും 30000 രൂപയും നഷ്ടപ്പെട്ടത്. വീട് പൂട്ടി പുറത്ത് പോയതായിരുന്നു ഡോക്ടറും കുടുംബവും. ബൈക്കുകളിൽ കറങ്ങി പൂട്ടിക്കിടക്കുന്ന വീടുകൾ മനസ്സിലാക്കിവെക്കുകയും പിന്നീട് അർധരാത്രിക്കുശേഷം പൂട്ട് തകർത്ത് മോഷണം നടത്തുകയുമാണ് പ്രതികൾ ചെയ്യുന്നതെന്ന് തിരൂർ ഡിവൈ.എസ്.പി. സുരേഷ് ബാബു പത്രസമ്മേളനത്തിൽ വിശദീകരിച്ചു.

ഡോക്ടറുടെ വീടിൻറെ പിറകുവശത്തെ ഗ്രില്ല് തകർത്ത് അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയാണ് മോഷണം നടത്തിയത്. കുഞ്ഞനും മഞ്ജുനാഥുമാണ് മോഷണം നടത്തിയത്. പാഞ്ചാലിയാണ് സ്വർണം വിൽക്കാനും സൂക്ഷിക്കാനും ഇവരെ സഹായിച്ചത്. മോഷണത്തുക അപ്പോൾ തന്നെ വീതിച്ചെടുക്കുകയും തുടർന്ന് കുറച്ച് സ്വർണം സേലത്തും വളാഞ്ചേരിയിലുമായി വിൽപ്പന നടത്തുകയുമായിരുന്നു. മോഷണസ്ഥലത്തുനിന്ന് ലഭിച്ച കുഞ്ഞന്റെ വിരലടയാളം മനസ്സിലാക്കിയാണ് അന്വേഷണം പ്രതികളിലേക്കെത്തിയത്. മഞ്ജുനാഥും പാഞ്ചാലിയും വളാഞ്ചേരി മൂടാലിലാണ് താമസം. കുഞ്ഞൻ പൂക്കാട്ടിരിയിലും. പ്രതികളിൽനിന്ന് 16 പവനും 1,60000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇതിനുപുറമെ സ്വർണം വിൽപ്പന നടത്തിയതിൽനിന്ന് ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ മിനി പിക്കപ്പും മോഷണം നടത്താനുപയോഗിച്ച ബൈക്കും കണ്ടെടുത്തു.

കുഞ്ഞൻ എടക്കര, തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും മഞ്ജുനാഥ് താനൂർ, തിരൂർ, മലപ്പുറം, കോഴിക്കോട്, പൊള്ളാച്ചി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും വിവിധ കേസുകളിൽ പ്രതികളാണ്.

പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. പ്രതികൾ അന്തഃസംസ്ഥാന മോഷ്ടാക്കളാണെന്നും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു.

കോട്ടയ്ക്കൽ സി.ഐ. സി. യൂസഫിന്റെയും എസ്.െഎ. റിയാസ് ചാക്കീരിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.െഎ. പ്രമോദ്, സി.പി.ഒ.മാരായ ജയപ്രകാശ്, രാജേഷ്, കോട്ടയ്ക്കലിലെ അഡീഷണൽ എസ്.െഎ. ഷാജു, സി.പി.ഒമാരായ സുജിത്ത്, രതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.