കോട്ടയ്ക്കൽ: വേദനകൾ മറന്ന് ആ നൂറ്റൻപതുപേർ ഒത്തുചേർന്നു, വീൽചെയറിൽ മാരത്തൺ ഓടാൻ. ലോക ഭിന്നശേഷിദിന ആഘോഷത്തിന്റെ ഭാഗമായാണ് കോട്ടയ്ക്കൽ ആസ്റ്റർ മിംസും കോയമ്പത്തൂർ സഹായി സ്പൈനൽ ഇഞ്ചുറി റീഹാബിലിറ്റേഷൻ സെന്ററും ഡിഫറൻഡ്‌ലി ഏബിൾഡ് പീപ്പിൾസ് ലീഗും ചേർന്ന് ‘പാരത്തൺ’ എന്ന പേരിൽ വീൽചെയർ മാരത്തൺ സംഘടിപ്പിച്ചത്.

പരിപാടിയിൽ പങ്കെടുത്തപ്പോൾ അവർ ശാരീരികമായ വൈകല്യങ്ങൾ മറന്നു; സംഘാടകർ നൽകിയ വൃക്ഷത്തൈകൾ സന്തോഷത്തോടെ ഏറ്റുവാങ്ങി.

പുത്തൂർ ബൈപ്പാസിൽ നടത്തിയ മാരത്തൺ രാവിലെ നഗരസഭാധ്യക്ഷൻ കെ.കെ. നാസർ, മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം, കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ഡയറക്ടർ പി. നിത്യാനന്ദ, എം.വി.ഐ സയിദ് എന്നിവർചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പരിസ്ഥിതിസൗഹാർദം വളർത്തിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് മാരത്തണിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ വൃക്ഷത്തൈകൾ നൽകിയത്.