കോട്ടയ്ക്കൽ: ചതിക്കില്ല ഈ സുന്ദരി. പച്ച മസാലക്കൂട്ട് പൊതിഞ്ഞ് എണ്ണചേർക്കാതെ കല്ലിൽ പൊള്ളിച്ചെടുത്ത ചതിക്കാത്ത സുന്ദരി ചിക്കൻ കർക്കടകത്തിൽ ധൈര്യമായി കഴിക്കാം. സുന്ദരിക്ക് കൂട്ടായി തട്ടിൽ കുട്ടിദോശയും കട്ടൻകാപ്പിയും കൂടിയായാലോ? വേണമെങ്കിൽ ചിക്കൻ ചീറിപ്പാഞ്ഞതിനെയും കൂടെ കൂട്ടാം. കുടുംബശ്രീ ജില്ലാമിഷനും കോട്ടയ്ക്കൽ നഗരസഭയും ചേർന്ന് ചങ്കുവെട്ടിയിൽ നടത്തുന്ന ‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേള രുചികരമായ വിഭവങ്ങൾകൊണ്ട് ശ്രദ്ധേയമാവുകയാണ്. തിങ്കളാഴ്ച വൈകീട്ട് വരെ ഭക്ഷ്യമേള തുടരും. ശനിയാഴ്ച പ്രൊഫ. കെ.കെ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്യും. നഗരസഭാധ്യക്ഷൻ കെ.കെ. നാസർ അധ്യക്ഷനാകും.

പൈങ്കിളിയും സുനാമിയും ചിക്കനും മുട്ടയും കൊണ്ട് വ്യത്യസ്തമായ വിഭവങ്ങളാണ് കുടുംബശ്രീ പ്രവർത്തകർ ഭക്ഷ്യമേളയിൽ ഒരുക്കിയിരിക്കുന്നത്.

മുട്ട സുനാമി, ചിക്കൻ പൈങ്കിളി, മുട്ട സുർക്ക, ചിക്കൻ പൊട്ടിത്തെറിച്ചത് എന്നിവ പ്രധാന പൊരിക്കടികളാണ്. ചിക്കൻ പൊട്ടിത്തെറിച്ചത് മുന്പ് നടന്ന ‘ഉമ്മാന്റെ വടക്കിനി’കളിലെ സ്റ്റാർ ഫുഡ് ആയിരുന്നെന്ന് കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു.

കുഞ്ഞിത്തലയണ വാങ്ങിക്കോളിൻ

കാടക്കോഴികൊണ്ടുള്ള കുഞ്ഞിത്തലയണയാണ് മേളയിലെ പ്രധാന വിഭവങ്ങളിലൊന്ന്. ബട്ടൂര, ചപ്പാത്തി, കാടക്കോഴി, കാടമുട്ട എന്നിവ ചേർത്താണ് കുഞ്ഞിത്തലയണ ഒരുക്കിയിരിക്കുന്നത്.

വടക്കിനിയിൽ സ്‌പെഷ്യൽ ചിക്കൻതന്നെ

ചിക്കൻകൊണ്ടുളള വ്യതസ്തമായ വിഭവങ്ങളാണ് മേളയിൽ തയ്യാറാക്കിയിരിക്കുന്നത്. കരിംജീരകക്കോഴി, ശ്രീലങ്കൻ ചിക്കൻ, ഇറ്റാലിയൻ ചിക്കൻ, ചിക്കൻ പ്ലാസ, മലായി ചിക്കൻ, ചിക്കൻ ചീന്തി ചുരുട്ടിയത്, ചിക്കൻ കിളിക്കൂട്, മലബാറി സ്പൈസി ചിക്കൻ തുടങ്ങിയവയാണ് ചിക്കൻ വിഭവങ്ങൾ

പുട്ടും ബീഫ് ഉലർത്തിയതും

ആവിയിൽ പുഴിങ്ങിയ വ്യത്യസ്തതരം പുട്ടിനാണ് മേളയിൽ ആവശ്യക്കാർ ഏറെയും. കപ്പപ്പുട്ട്, റാഗിപ്പുട്ട്, ചീരപ്പുട്ട്, കമ്പപ്പുട്ട്, മസാലപ്പുട്ട് ഇവയാണ് ഒരുക്കിയിരിക്കുന്നത്. ബീഫ് ഉലർത്തിയതോ മീൻ മുളകിട്ടതോ കൂട്ടി പുട്ട് കഴിക്കാം.

വ്യത്യസ്തതരം പായസം, റൈസുകൾ, പൊരിക്കടികൾ, അച്ചാറുകൾ തുടങ്ങിയവ ഭക്ഷ്യമേളയിൽ ഒരുക്കിയിട്ടുണ്ട്.