കോട്ടയ്ക്കൽ: വേദനിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാൻ കുട്ടികൾക്കുവേണ്ടി സാന്ത്വനപരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന സൊലേസിന്റെ കോട്ടയ്ക്കൽ യൂണിറ്റ് കൂട്ടനടത്തം സംഘടിപ്പിച്ചു. രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളാണ് നടത്തത്തിൽ പങ്കെടുത്തത്.

കോട്ടയ്ക്കൽ സൊലേസ് ഒാഫീസിന് മുൻവശത്തുനിന്ന് ആരംഭിച്ച നടത്തം അഡീഷണൽ മജിസ്ട്രേറ്റ് എൻ.എം. മെഹർ അലിയും നഗരസഭാധ്യക്ഷൻ കെ.കെ. നാസറും ചേർന്ന് ഫ്ലാഗ് ഒാഫ് ചെയ്തു. സാന്ത്വനപരിചരണ സന്ദേശമായി ഇളം നീലയും വെള്ളയും നിറങ്ങളുള്ള ഹൈഡ്രജൻ ബലൂണുകളും ഇവർ പറത്തി. നടത്തം കോട്ടയ്ക്കൽ ബസ് സ്റ്റാൻഡിനടുത്ത് അവസാനിപ്പിച്ചു.

ഒാസട്രേലിയ, സിംഗപ്പുർ, ഇന്ത്യയിലെ വിവിധ നഗരങ്ങൾ, യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിലും സൊലേസ് കൂട്ടനടത്തം സംഘടിപ്പിച്ചിരുന്നു. കുട്ടികൾക്കുവേണ്ടിയുള്ള പാലിയേറ്റീവ് കെയറിനെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കുക അതിനുവേണ്ട സഹായങ്ങൾ സ്വരൂപിക്കുക എന്നതാണ് റൺ-വാക്ക് എറൗണ്ട് ദ ക്ലോക്ക് എന്ന പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ സൊലേസ് കൺവീനർ രാഗിണി, ജോയിന്റ് കൺവീനർമാരായ ബിജി, അൻവർ സാദത്ത് തുടങ്ങിയവർ നേതൃത്വംനൽകി.

പെരിന്തൽമണ്ണ: ’സൊലസ്’ പെരിന്തൽമണ്ണയിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീമും പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ എം. മുഹമ്മദ് സലീമും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി പരിസരത്തുനിന്ന്‌ കോഴിക്കോട് ബൈപ്പാസ് ജങ്ഷൻ വരെയുള്ള നടത്തത്തിൽ സൊലസ് പ്രവർത്തകരും സ്‌കൂൾ, കോളേജ് വിദ്യാർഥികളും പങ്കെടുത്തു. െട്രസ്റ്റംഗം ഡോ. മുംതാസ്, ജില്ലാ ജോയിന്റ് കൺവീനർ പി. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.