കോട്ടയ്ക്കൽ: പുതുപ്പറമ്പിലെ എടരിക്കോട് ടെക്‌െസ്റ്റെൽസിന്‌ പുതുജീവൻ. പതിറ്റാണ്ടുകളായി നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് സർക്കാരിന്റെ ഇടപെടലാണ് തുണയായത്. പലസമയങ്ങളിലായി 3.7 കോടിയുടെ സാമ്പത്തികസഹായം സർക്കാർ നൽകി.

സാമ്പത്തിക പ്രതിസന്ധിയും പുതിയ ജീവനക്കാരെ നിയമിക്കാൻ കഴിയാത്ത അവസ്ഥയും മില്ലിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.

എന്നാൽ സർക്കാരിന്റെ സഹായം ലഭിച്ചതോടെ സ്ഥിതി മാറി.

10-15 വർഷങ്ങളായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ പ്രൊബേഷൻ അടിസ്ഥാനത്തിൽ നിയമിച്ചുകഴിഞ്ഞു.

162സ്ഥിരം ജീവനക്കാരാണ് മില്ലിൽ ഇപ്പോഴുള്ളത്. നൂറോളം പേരെ പുതിയതായി നിയമിക്കാൻ തീരുമാനിച്ചു. കമ്പനിക്കാവശ്യമായ 36-ഓളം ജീവനക്കാരെ ട്രെയിനികളായും നിയമിക്കും. ഉത്പാദനം 90 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ടെക്‌സ്റ്റൈൽസ് ജനറൽ മാനേജർ വിജയകുമാർ പറഞ്ഞു. ഒരു പതിറ്റാണ്ടിനിടെ നിയമനങ്ങളൊന്നും നടന്നിരുന്നില്ല.

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനരഹിതമായി കിടന്നിരുന്ന 90 ശതമാനത്തോളം യന്ത്രങ്ങൾ പ്രവർത്തനസജ്ജമാക്കാൻ സാധിച്ചിട്ടുണ്ട്. യന്ത്രങ്ങൾ കേടായതിനാൽ മില്ലിന്റെ പ്രവർത്തനക്ഷമത നാമമാത്രമായി കുറഞ്ഞിരുന്നു. ഇതുകാരണം കമ്പനി വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പുതിയ ജീവനക്കാരെ എടുത്ത് ഈ യന്ത്രങ്ങളെല്ലാം പ്രവർത്തന സജ്ജമാക്കിയാൽ ഉത്പാദനം തൊണ്ണൂറു ശതമാനമാക്കി ഉയർത്താനും മില്ലിനെ നഷ്ടങ്ങളില്ലാത്ത അവസ്ഥയിലേക്ക് മാറ്റാനും കഴിയുമെന്നാണ് ഉറച്ച വിശ്വാസമെന്ന് ടെക്‌സ്റ്റൈൽസ് ജനറൽ മാനേജർ പറഞ്ഞു.