കോട്ടയ്ക്കൽ: കുറുക ഐവന്ത്രൻ പരദേവതാക്ഷേത്രത്തിനും പൂഴിക്കൽ ബഷീറിന്റെ മതം അതിരിടാത്ത സ്‌നേഹം. ക്ഷേത്രത്തിന്റെ മുറ്റവും പ്രദക്ഷിണവഴിയും ഒരുലക്ഷത്തോളം രൂപ ചെലവഴിച്ച് ഇന്റർലോക്ക് പാകി മനോഹരമാക്കി പെരുന്നാൾ സമ്മാനമായി നൽകിയാണ് ബഷീർക്ക ആ സ്‌നേഹം പ്രകടിപ്പിച്ചത്. മാസങ്ങൾക്കുമുമ്പ് എടരിക്കോട് അമ്പലവട്ടം നരീക്കാവ് ദേവീക്ഷേത്രത്തിന്റെ മുറ്റവും പ്രദക്ഷിണവഴിയും ബഷീർക്ക ഇന്റർലോക്ക് പാകി നൽകിയിരുന്നു.

ബ്രിട്ടീഷുകാർക്കെതിരെ ഭാഷകൊണ്ടും സംസ്‌കാരം കൊണ്ടും പ്രതിരോധം തീർത്ത പൂഴിക്കൽ കുടുംബത്തിലെ പിൻമുറക്കാരനായ ബഷീർ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്. മാനേജരാണ്.

11-ന് കുറുക ഐവന്ത്രൻ പരദേവതാക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാദിനാഘോഷത്തിൽ ബഷീർ പൂഴിക്കലിനെ ആദരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മേലേപ്പുറത്ത് സുരേഷ്, സെക്രട്ടറി സുരേഷ്ബാബു നെല്ലിക്കാട്ട്, ഖജാൻജി സുബ്രഹ്മണ്യൻ മേലേക്കാട്ട്, രക്ഷാധികാരികളായ ജനാർദ്ദനൻ നായർ പള്ളിപ്പുറത്ത്, ഗോപാലകൃഷ്ണൻ നായർ എന്നിവർ പറഞ്ഞു.