കോട്ടയ്ക്കൽ: ഹിംസ സമൂഹത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും ഇതിനെതിരേ കടുത്ത ജാഗ്രത ആവശ്യമാണെന്നും നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ. കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പുപരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലയുടെയും സർഗാത്മകതയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഹിംസയെ പ്രതിരോധിക്കണം. ആവിഷ്‌കാരത്തിനുള്ള ഇടങ്ങളുണ്ടാകുമ്പോൾ അക്രമവാസനയുണ്ടാകില്ല. ഹിംസയെ പ്രതിരോധിക്കാൻ നിയമങ്ങളല്ല, മനുഷ്യത്വമാണ് ഉണ്ടാകേണ്ടത്. എല്ലാ വൈവിധ്യങ്ങൾക്കും ഇടമുള്ള ബഹുസ്വരജനാധിപത്യം പുലരുന്ന രാജ്യമാകണം നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.

നടൻ അനൂപ് ചന്ദ്രൻ മുഖ്യാതിഥിയായി. കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. പി.എം. വാരിയർ അധ്യക്ഷനായി. ലോഗോ രൂപകല്പനചെയ്ത നസീർ മേലേതിനെ ആദരിച്ചു. ആർ. അനിൽകുമാർ വിരമിക്കുന്ന അധ്യാപകരെ പരിചയപ്പെടുത്തി. കെ.വി. ലത, പി. കരുണാകരൻ, പി.കെ. ജയശ്രീ, കെ.എസ്. രതീദേവി എന്നിവർ മറുപടിപ്രസംഗം നടത്തി.

എ.കെ. സുധാകരൻ ശതാബ്ദി പദ്ധതി വിശദീകരിച്ചു. കെ.സി. വിജയൻരാജ, കെ. പദ്മനാഭൻ, ഡോ. സന്തോഷ് വള്ളിക്കാട്, പി.ടി.എ. പ്രസിഡന്റ് എം.ഡി. രഘുരാജ്, പ്രിൻസിപ്പൽ ഇ.എൻ. വനജ, സക്കറിയ പൂഴിക്കൽ എന്നിവർ സംസാരിച്ചു.

കുട്ടികളുടെ കലാപരിപാടികളും പൂർവവിദ്യാർഥികളുടെ ഗാനമേളയുമുണ്ടായി.