കോട്ടയ്ക്കൽ: വരയില്ലാതെ മൊയ്തുട്ടിമാഷിന് ജീവിതമില്ല. അതുകൊണ്ടാണ് ജോലിയിൽനിന്ന്‌ വിരമിച്ച് 14 വർഷമായിട്ടും ഒരുദിവസംപോലും മുടങ്ങാതെ ഈ ചിത്രകലാധ്യാപകൻ സ്കൂളിലെത്തുന്നത്, കുട്ടികൾക്ക് വരയുടെ സൂത്രങ്ങൾ പറഞ്ഞുകൊടുക്കുന്നത്.

വര പഠിക്കണമെന്നാഗ്രഹിക്കുന്ന ആർക്കും മാഷിന്റെയടുത്തുചെല്ലാം, കുട്ടികൾതന്നെയാകണമെന്നില്ല. വര പഠിപ്പിക്കുന്നതിന് ഫീസോ ഉപഹാരങ്ങളോ വേണ്ട. നൂറുകണകണക്കിന് കുട്ടികളെയാണ് ഓരോവർഷവും വര പഠിപ്പിക്കുന്നത്.

സ്‌കൂൾസമയമാണെങ്കിൽ മാഷ് കോട്ടയ്ക്കൽ രാജാസിന്റെ വരാന്തയിലോ മുറ്റത്തെ മരച്ചുവട്ടിലോ ഒക്കെ ഉണ്ടാവും. രേഖാചിത്രങ്ങളോ പെയിന്റിങ്ങുകളോ കാരിക്കേച്ചറോ എന്തും മൊയ്തുട്ടി മാഷിന് വഴങ്ങും. ചങ്കുവെട്ടിയിൽ ദേശീയപാതയോരത്തുള്ള മാഷിന്റെ ’സ്നേഹ’ഭവനത്തിൽ ചെന്നാൽ ആ ചുമരുകൾ നിറയെ മാഷ് ചെയ്ത അതിമനോഹരമായ പെയിന്റിങ്ങുകൾ കാണാം. 2004-ലാണ് രാജാസ് ഹൈസ്‌കൂളിൽനിന്ന് ചിത്രകലാധ്യാപകനായി മൊയ്തുട്ടി വിരമിച്ചത്.

തുടക്കം യൂണിവേഴ്‌സലിൽനിന്ന്

കോട്ടയ്ക്കൽ രാജാസിലെതന്നെ ചിത്രകലാധ്യാപകനായ കെ. ബാലകൃഷ്ണന്റെ ശിഷ്യനായാണ് മൊയ്തുട്ടിമാഷ് ചിത്രരചന തുടങ്ങുന്നത്. പിന്നീട് കോഴിക്കോട് യൂണിവേഴ്‌സൽ ആർട്‌സിൽനിന്ന് ചിത്രകലയിൽ ബിരുദമെടുത്തു. 1972-ൽ തിരൂർക്കാട്ടെ സ്വകാര്യവിദ്യാഭ്യാസസ്ഥാപനത്തിൽ ചിത്രകലാധ്യാപകനായി. പിന്നീട് പി.എസ്.സി. നിയമനം കിട്ടി ഒതുക്കുങ്ങൽ ഹൈസ്കൂളിൽ പത്തുമാസം ജോലിചെയ്തു. അതിനുശേഷം ഗൾഫിലേക്ക് പോയി. അവിടെയും ചിത്രകലാധ്യാപകനായിത്തന്നെ. ഷാർജയിലെ പ്രതിരോധവകുപ്പും അബുദാബിയിലെ ഭരണകൂടവും മൊയ്തുട്ടിമാഷിന്റെ ചിത്രരചനാപാടവം കുട്ടികൾക്കുപഠിപ്പിക്കാനായി പ്രയോജനപ്പെടുത്തി. എൺപതുകളിൽ രാജാസിൽ അധ്യാപകനായി തിരിച്ചെത്തി. സ്‌കൂളിൽ എന്താവശ്യമുണ്ടെങ്കിലും അതൊക്കെ നിർവഹിച്ചുകൊടുക്കാനും മാഷ് തയ്യാറാണ്. രാജാസ് വളപ്പിലെ മരങ്ങൾക്ക് സംരക്ഷണഭിത്തി കെട്ടിയത്, ലൈബ്രറിയിൽ അലമാര വാങ്ങിക്കൊടുത്തത്, ട്രോഫികൾ വാങ്ങിക്കൊടുത്തത്... സ്കൂളുകാരോട് ചോദിച്ചാൽ മാഷ് ചെയ്തുകൊടുത്ത കാര്യങ്ങൾ അവർ അക്കമിട്ടുപറയും.

എം.എഫ്.ഹുസൈനെ ഇഷ്ടചിത്രകാരനായി കാണുന്ന മാഷിന് ചിത്രകലകൊണ്ട് പേരെടുക്കണമെന്ന ആശയൊന്നുമില്ല. പുരസ്കാരങ്ങളോ അംഗീകാരങ്ങളോ വേണമെന്നുമില്ല.