കോട്ടയ്ക്കൽ: മനുഷ്യന്റെ സ്നേഹവും നൻമയും ഒരിറ്റുപോലും വറ്റിയിട്ടില്ലെന്ന് വീണ്ടും തെളിയുകയാണ്. സെറിബ്രൽ പാർസി ബാധിച്ച നിർമലിന്റെ കുടുംബത്തിന്റെ വേദന മാതൃഭൂമിയിലൂടെ നാടറിഞ്ഞദിവസം തന്നെ അവർക്ക് വീടുനൽകാമെന്ന് ഒരു ഗൾഫ് ബിസിനസ്സുകാരൻ അറിയിച്ചു. വീടുനിർമിക്കാൻ കുറ്റിപ്പുറത്തെ ’ആക്ട് ഓൺ’ എന്ന സന്നദ്ധസംഘടനയും തയ്യാറായി.

കോട്ടയ്ക്കൽ കോട്ടൂരിലെ കോട്ടേക്കാട് ശ്രീനിവാസന്റെ മകൻ നിർമലിന്റെ പ്രയാസങ്ങളെ വ്യാഴാഴ്ചയാണ് ’മാതൃഭൂമി’ വാർത്തയാക്കിയത്. അന്നുതന്നെ പേരുപറയാൻ താത്പര്യമില്ലാത്ത ഒരു ഗൾഫ് വ്യവസായി ആ കുടുംബത്തിന് വീടിനുള്ള പണംനൽകാമെന്ന് ആക്ട് ഓൺ പ്രവർത്തകരെ അറിയിച്ചു. സംഘടനയുടെ ഡയറക്ടർ നജീബ് കുറ്റിപ്പുറം, അനൂപ് കുമാർ, ഹമീദ് കക്കാട്ടിൽ, അമീർ തുടങ്ങിയവർ വ്യാഴാഴ്ച ശ്രീനിവാസന്റെ വീട്ടിലെത്തി സ്ഥലം അളന്നു. രണ്ടു മുറികളും ഒരു ഹാളും ഒരു ഡൈനിങ് ഹാളും അടുക്കളയുമുള്ള വീടാണ് ഈ കുടുംബത്തിന് നൽകുകയെന്ന് നജീബ് കുറ്റിപ്പുറം അറിയിച്ചു.

കൂലിപ്പണിക്കാരനായ ശ്രീനിവാസൻ തനിക്കാവുംവിധം നിർമലിനെ ചികിത്സിച്ചിരുന്നു. എന്നാൽ സ്വന്തമായി ഒരു വീടുപോലുമില്ലാത്ത ഇദ്ദേഹത്തിന് കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകാൻ ഒരു വഴിയുമില്ല. സ്വന്തം ശാരീരികപ്രശ്‌നം വേറേയും. ഈ സാഹചര്യത്തിലാണ് സുമനസ്സുകൾ രംഗത്തെത്തിയത്.

കേരളത്തെ പ്രളയംവിഴുങ്ങിയ നാളുകളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച സന്നദ്ധ സംഘടനയാണ് ’ആക്ട് ഓൺ’. പിന്നീട് അവർ സന്നദ്ധപ്രവർത്തനം തുടർന്നു. വീടുനഷ്ടപ്പെട്ട 27 കുടുംബങ്ങൾക്ക് വീടുനിർമിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഇവരുടെ ആത്മാർത്ഥമായ പ്രവർത്തനം തിരിച്ചറിഞ്ഞ് ഒരേക്കർസ്ഥലം ഇതിനായി നൽകിയവരുണ്ട്. മറ്റൊരു വ്യക്തി പത്തുസെന്റ് സ്ഥലം നൽകി. അങ്ങനെ ഒരുപാടുപേർ ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി. നിർമാണപ്രവർത്തനങ്ങൾക്കായി എത്ര ചെറിയ സഹായവും ഏതുസാധനങ്ങളും സ്വീകരിക്കുമെന്ന് ആക്ട് ഓൺ ഭാരവാഹികൾ പറഞ്ഞു. ഫോൺ ‍-9447046003.