കോട്ടയ്ക്കൽ: വിദ്യാർഥികൾക്ക് മയക്കുമരുന്നുഗുളികകൾ എത്തിച്ചുനൽകുന്ന ശൃംഖലയിൽ കൂടുതൽപ്പേർ ഉൾപ്പെട്ടതായി സൂചന. കോട്ടയ്ക്കൽ പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്ത അബ്ദുൾകബീറിൽനിന്ന് ജില്ലയിൽ ഇങ്ങനെ മരുന്നെത്തിച്ചുവിൽക്കുന്ന കൂടുതൽ പേരെക്കുറിച്ച് സൂചന ലഭിച്ചു.

വിദ്യാലയങ്ങളും പ്രൊഫഷണൽ കോളേജുകളും കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുഗുളികകൾ വിതരണം ചെയ്തിരുന്നത്. ഡയസെപാം, ക്ലോണോസിപാം തുടങ്ങി ഇരുനൂറോളം ഗുളികകളാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് വലിയ അളവിൽ ഗുളികകൾ വാങ്ങിക്കൊണ്ടുവരുന്നത്. ഇതിനുപുറമെ ഇവിടുത്തെ ആശുപത്രികളിൽനിന്ന് ഒ.പി. ടിക്കറ്റ് എടുത്ത് അതിൽ സ്വന്തമായി ഗുളികകളുടെ പേരും ഡോക്ടറുടെ വ്യാജ ഒപ്പും ഇട്ട് മെഡിക്കൽ ഷോപ്പിൽനിന്ന് ഗുളികകൾ സംഘടിപ്പിക്കും. ഷോപ്പിൽനിന്ന് ഒന്നിന് നാലുരൂപ നിരക്കിൽ വാങ്ങുന്ന ഗുളിക 100 മുതൽ 200 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്.

കഴിച്ചാൽ ഗന്ധം ഉണ്ടാകില്ല എന്നതും നല്ല ലഹരി ലഭിക്കും എന്നതുമാണ് കഞ്ചാവുപോലെ ഉള്ള ലഹരിവസ്തുക്കൾ ഒഴിവാക്കി ഇത് ഉപയോഗിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്. ജില്ലയിൽ ഇത്തരത്തിൽ ഗുളികകൾ വിതരണംചെയ്യുന്ന ആളുകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി കോട്ടയ്ക്കൽ എസ്. ഐ. റിയാസ് ചാക്കീരി പറഞ്ഞു. ഇവരെ നീരിക്ഷിച്ചുവരികയാണ്. കള്ളിലും മറ്റും വീര്യംകൂട്ടാൻ വേണ്ടിയും ഗുളികകൾ ഉപയോഗിക്കുന്നുണ്ട്.

അബ്ദുൾകബീറിനെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തിരൂർ ഡി.വൈ.എസ്.പി. ബിജു ഭാസ്കറിന്റെ നേതൃത്വത്തിൽ കോട്ടയ്ക്കൽ എസ്. ഐ. റിയാസ് ചാക്കീരി ഉൾപ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.