കോട്ടയ്ക്കൽ: ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് മലപ്പുറം. രണ്ടുദിവസങ്ങളിലായി ജില്ലയിൽ മരിച്ചത് 23 പേർ. രണ്ടുപേരേ കാണാതായി. കൊണ്ടോട്ടി, ഊർങ്ങാട്ടിരി, മങ്കട, തിരൂരങ്ങാടി, പരപ്പനങ്ങാടി, കരുവാരക്കുണ്ട് എന്നിവിടങ്ങളിലാണ് മരണങ്ങൾ. ബുധനാഴ്ച 12 പേരും വ്യാഴാഴ്ച 11 പേരും മരിച്ചു. ഉരുൾപ്പൊട്ടലും മണ്ണിടിച്ചലുമാണ് ജില്ലയിലെ അപകടങ്ങൾക്ക് കാരണം. മഴ ശക്തയായതോടെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി തുടരുകയാണ്.

ചെറുകാവിൽ പൊലിഞ്ഞത് 12 പേർ

പുളിക്കൽ: കനത്തമഴയിൽ രണ്ട് വീടുകൾക്ക് മുകളിലേക്ക് കുന്നിടിഞ്ഞുവീണ് 12 പേർ മണ്ണിനടിയിൽപ്പെട്ട് മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. ചെറുകാവ് പഞ്ചായത്തിലെ കൈതക്കുണ്ടയ്ക്ക് സമീപം പൂച്ചാൽ, പെരിങ്ങാവിന് സമീപം കൊടപ്പുറം എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ പൂച്ചാലിലുണ്ടായ മണ്ണിടിച്ചിലിൽ കല്ലറത്താലി കണ്ണനാരി അബ്ദുൾ അസീസ്(48), ഭാര്യ സുനീറ(42), ഇളയ മകൻ ഉബൈദ്(6)എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന മൂത്തകുട്ടികളായ ഉവൈസ്(18), ഉനൈസ്(16)എന്നിവർ രക്ഷപ്പെട്ടു. പെരിങ്ങാവ് കൊടപ്പുറം പാണ്ടികശാല അഷ്്ക്കറിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ബന്ധുക്കളും അയൽവാസികളുമായ ഒമ്പതുപേരാണ് മരിച്ചത്. അഷ്‌കറിന്റെ സഹോദരൻ പാണ്ടികശാല കൊറ്റങ്ങോട് ബഷീർ (47), ഭാര്യ സാബിറ (43), മക്കളായ ഫാത്തിമ ഫായിസ (19), മുഷ്ഫിഖ് ( 11), മറ്റൊരു സഹോദരൻ അബ്ദുൾഅസീസിന്റെ ഭാര്യ ഖൈറുന്നീസ( 35), അയൽ വാസികളായ മാന്ത്രമ്മൽ മുഹമ്മദലി (44), മകൻ സഫ്‌വാൻ (26), ചെറാത്തൊടി മൂസ (50), സി.പി. ജംഷീഖിന്റെ മകൻ ഇർഫാൻ അലി (13) എന്നിവരാണ് മരിച്ചത്. തകർന്ന വീടിനുള്ളിൽ കുടുങ്ങിക്കിടന്ന കൊറ്റങ്ങോട് മുഹമ്മദലി ( 47) രക്ഷപ്പെട്ടു.

ബുധനാഴ്ച ഉച്ചക്കയ്ക്ക്‌ പന്ത്രണ്ടോടെയാണ് കൊടപ്പുറത്തെ അപകടം. അഷ്‌കറും കുടുംബവും വീട് പൂട്ടി കൊണ്ടോട്ടിയിൽ വിവാഹത്തിന് പോയതായിരുന്നു. ചെറുതായി മണ്ണിടിയാൻ തുടങ്ങിയതോടെ വീട്ടുമുറ്റത്തുള്ള കോഴിക്കൂട് മാറ്റാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. വീടിനരികിലെ 30 അടിയോളം ഉയരമുള്ള കുന്ന് 25 മീറ്ററോളം വീതിയിൽ അടർന്ന് പതിക്കുകയായിരുന്നു. അഷ്‌കറിന്റെ ഇരുനിലവീട് പൂർണമായും തകർന്നു. തൊട്ടടുത്തുള്ള വീടിനും കേടുപാടുകൾ പറ്റി. 10 അടിയിലേറെ ഉയരത്തിൽ വീണ മണ്ണ് നീക്കം ചെയ്താണ് ഉള്ളിലകപ്പെട്ടവരെ പുറത്തെടുത്തത്. ദുരന്തനിവാരണസേനയും അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും മണിക്കൂറുകളോളം കഠിന പ്രയത്‌നം നടത്തി മണ്ണ് നീക്കിയാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനം വൈകീട്ട് ആറുമണിവരെ നീണ്ടു. ജില്ലാ കളക്ടർ അമിത് മീണ, എസ്.പി. പ്രതീഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി. മാന്ത്രമ്മൽ മുഹമ്മദലി, മകൻ സഫ്‌വാൻ, ചെറാത്തൊടി മൂസ, ഇർഫാൻ അലി എന്നിവരുടെ മൃതദേഹം ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ ഖബറടക്കി. ബഷീർ, സാബിറ, ഫാത്തിമ ഫായിസ, മുഷ്ഫിഖ്, ഖൈറുന്നീസ എന്നിവരുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ പത്തോടെ വീട്ടിലെത്തിച്ച് പെരിങ്ങാവ് ജുമാഅത്ത് പള്ളിയിൽ ഖബറടക്കി. പെരിങ്ങാവിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ പൂച്ചാലിൽ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ദുരന്തമുണ്ടായത്. അസീസിന്റെ വീടിന്റെ പിറകിലുള്ള 40 അടിയോളം ഉയരത്തിലുള്ള കുന്ന് കനത്തമഴയിൽ ഇടിഞ്ഞ് വീടിന്റെ ഒരു വശത്തേക്ക് വീഴുകയായിരുന്നു. ഒരു മുറിയിൽ കിടന്നുറങ്ങിയ അസീസും ഭാര്യയും മകനും മണ്ണിനടിയിൽപ്പെട്ടു. മറ്റൊരു മുറിയിലായിരുന്ന മക്കൾ ഉവൈസും ഉനൈസും വീട്ടിനുള്ളിൽനിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ടെറസിന് മുകളിൽ കയറി താഴേക്ക് ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. നാട്ടുകാരോടൊപ്പം സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കൈതക്കുണ്ടയിൽ ഓട്ടോ ഡ്രൈവറാണ് അസീസ്.

ഊർങ്ങാട്ടിരിയിൽ മരിച്ചത് രണ്ട് കുടുംബത്തിലെ ഏഴുപേർ

ഊർങ്ങാട്ടിരി: ഒാടക്കയം ഒാടായിക്കൽ റോഡിൽ ഉരുൾപ്പൊട്ടലിൽ മരിച്ചത് ഏഴുപേർ. രണ്ടുപേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിലാണ് രണ്ട് ആദിവാസി കുടുംബങ്ങൾ അപകടത്തിൽപ്പെട്ടത്. ഒാടക്കയം നെല്ലായി കോളനിയിൽ സുന്ദരൻ(45), ഭാര്യ സരോജിനി(45), ബന്ധു മാത(60) എന്നിവരും പരേതനായ കടിഞ്ഞന്റെ ഭാര്യ ചിരുത( 70), മകൻ ഉണ്ണികൃഷ്ണൻ(28), ഭാര്യ അമ്പിളി (ചിഞ്ചു-19), അമ്പിളിയുടെ സഹോദരി ഷിബില(12) എന്നിവരാണ് മരിച്ചത്. ഒാടക്കയം യു.പി. സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് ഷിബില.

ഉരുൾപ്പൊട്ടലുണ്ടായ ആദ്യ മണിക്കൂറുകളിൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടായി. നാട്ടുകാരാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് സൈന്യം എത്തിയാണ് മണ്ണിനടിയിൽ കുടുങ്ങിയവരെ വൈകീട്ട് നാലുമണിയോടെ പുറത്തെടുത്തത്. മാതയുടെ ഭർത്താവ് ചേന്നൻ, സഹോദരി സുമതി എന്നിവർക്കാണ് പരിക്കേറ്റത്.

സുജീഷ്, ഷിനേഷ് എന്നിവരാണ് സുന്ദരന്റെ മക്കൾ. പ്രവീൺസ ശാരദ, ശ്രീജ, സരോജിനി, ദീപ എന്നിവരാണ് മാതയുടെ മക്കൾ.

കൊളപ്പാടൻ മലയിൽ ഉരുൾപൊട്ടി: മണ്ണിടിഞ്ഞ് യുവതി മരിച്ചു‌

എടവണ്ണ: കൊളപ്പാടൻ മലയിൽ ഉരുൾപൊട്ടി. കല്ലുംമണ്ണും വീടിനുമേൽ പതിച്ച് യുവതി മരിച്ചു. പട്ടേരി രാജേഷിന്റെ ഭാര്യ നിഷ(27)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെ സംഭവം. നിഷയും ഭർത്താവും മാതാപിതാക്കളും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ മലയിടിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കുടുംബാംഗങ്ങൾ വീടുമാറി. മക്കൾ: രോഹിത്, ആദിത്.

പള്ളിക്കെട്ടിടം തകർന്ന് ബംഗാളി മരിച്ചു

അങ്ങാടിപ്പുറം: തിരൂർക്കാട് നിർമാണത്തിലിരുന്ന പള്ളിയുടെ മൂന്നാംനിലയുടെ ഭാഗം തകർന്നുവീണ് ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു. കൊൽക്കത്ത കുമുദ് ബിശ്വാസിന്റെ മകൻ പ്രദീപ് ബിശ്വാസ്(29) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. ആറുപേർക്ക് പരിക്കേറ്റു. പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ ഉൾപ്പെടെയാണ് വീണത്. പ്രദീപിനെ മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊൽക്കത്ത സ്വദേശികളായ മക്ബൂൽ മണ്ഡൽ(28), തൂത്ത മണ്ഡൽ(33), ആതീഖ് മണ്ഡൽ(26), തമിഴ്‌നാട് സ്വദേശി ഇളയരാജ(26) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഏറെ പ്രയാസപ്പെട്ടാണ് അടിയിൽപ്പെട്ട തൊഴിലാളികളെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിനിടയിൽ ഒരു ട്രോമാകെയർ പ്രവർത്തകനും പരിക്കേറ്റു.

വൈദ്യുതിത്തൂണിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

തിരൂരങ്ങാടി: വീടിനുസമീപത്തെ വൈദ്യുതിത്തൂണിൽ

നിന്ന് ഷോക്കേറ്റ്‌ യുവാവ്‌ മരിച്ചു. ചീർപ്പിങ്ങൽ കാളാതിരുത്തിയിൽ മേലേത്ത് ഹംസയുടെ മകൻ അസ്‌ക്കർ(35) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. വീണ്‌ കിടക്കുകയായിരുന്ന ഇയാളെ ഉടൻ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രണ്ടുമാസം മുൻപ് റിയാദിൽനിന്ന് നാട്ടിലെത്തിയ അസ്‌ക്കർ കഴിഞ്ഞ പത്തൊൻപതിനാണ് പുതിയ വീട്ടിൽ താമസം തുടങ്ങിയത്‌. മാതാവ്: കദീജ. ഭാര്യ: ഷഹീദ. മക്കൾ:അജിൻ ഷാൻ, ജിംഷാദ്. സഹോദരങ്ങൾ: ഷഫീഖ്, അസ്മാബി, സൽമാബി.

രണ്ടുപേരെ കാണാതായി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലും കൊണ്ടോട്ടിയിലുമായി രണ്ടുപേരെ കാണാതായി.

ഉള്ളണം എടത്തുരുത്തിക്കടവിനടുന്ന് കടലുണ്ടിപ്പുഴയിൽ തോണിമറിഞ്ഞ് പന്ത്രണ്ടുകാരനെ കാണാതായി. വ്യാഴാഴ്ച രാവിലെയാണ് അപകടം. മൂന്ന് കുട്ടികളടക്കം നാലുപേർ കയറിയ തോണി കുത്തൊഴിക്കിൽപ്പെട്ട് മറിയുകയായിരുന്നു. പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലെ സദക്കായ പറമ്പ് ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാനെ (12)യാണ് കാണാതായത്. പാലത്തിങ്ങൽ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് സിനാൻ. തോണിയിലുണ്ടായിരുന്ന ഗഫൂറിനെയും മറ്റൊരു മകൻ മുഹമ്മദ് സുനദ്, ഭാര്യാസഹോദരന്റെ മകൻ മുഹമ്മദ് സുഹൈൽ എന്നിവരെയും നാട്ടുകാരനായ ഷക്കീർ കുന്നത്തേരി (39) എടത്തുരുത്തിക്കടവിനടുത്ത് താഴത്തെമുറിയിൽ വെച്ച് രക്ഷപ്പെടുത്തി. മൂന്നിയൂർ കുന്നത്തുപറമ്പിലുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു സിനാൻ. തിരൂരങ്ങാടി പോലീസും പരപ്പനങ്ങാടിയിലെ ട്രോമാകെയർ വൊളന്റിയർമാരും തിരച്ചിൽ നടത്തിയെങ്കിലും സിനാനെ കണ്ടെത്താനായില്ല. പുഴ നിറഞ്ഞു കവിഞ്ഞ് അടിയൊഴുക്ക് കൂടിയതിനാൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തിരച്ചിൽ നിർത്തിവെച്ചു.

കൊണ്ടോട്ടി: തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കുഴിമണ്ണ ചക്കലാംകുന്ന് അബ്ദുൾഹക്കീ(23)മിനെയാണ് ബുധനാഴ്ച മുതൽ കാണാതായത്. ബുധനാഴ്ച രണ്ടിന് കിഴിശ്ശേരി കുഴിയംപറമ്പ് കമ്മുക്കപ്പറമ്പിൽ തോട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. കൂട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും ബുധനാഴ്ച കണ്ടെത്തിയില്ല. യുവാവിനായി വ്യാഴാഴ്ച പോലീസും റവന്യൂസംഘവും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.