കോട്ടയ്ക്കൽ: കനത്തുപെയ്യുന്ന മഴയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ബുധൻ, വ്യാഴം ദിവസങ്ങളിൽ മരിച്ച 23 പേരിൽ 19 പേർക്കും ജീവൻ നഷ്ടമായത് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും.

വ്യാഴാഴ്ച പുലർച്ചെ പെരിന്തൽമണ്ണ മണ്ണാർമലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ചേരിങ്ങൽ ചൊടലക്കുണ്ടിൽ വ്യാഴാഴ്ച പുലർച്ചെ ആറരയോടെയാണ് ഉരുൾപൊട്ടിയത്. ഇവിടെ താമസിച്ചിരുന്ന ആദിവാസികളുൾപ്പെടെ നൂറോളം കുടുംബങ്ങളെ നേരത്തേ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമില്ല. അഞ്ചുകിലോമീറ്റർ അപ്പുറമുള്ള പുതുപ്പറമ്പ് കോളനിക്ക് മുകളിലുള്ള കുന്നിൽ രാവിലെ പത്തുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. മഞ്ഞളാംകുഴി അലി എം.എൽ.എ, റവന്യു ഉദ്യോഗസ്ഥർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി.

മലയോരത്തും തുടരെ ഉരുൾപൊട്ടൽ

മലയോരമേഖലയിൽ കനത്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലും ശക്തം. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായി ഒട്ടേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടി. തോടുകൾ ഗതിമാറിയും പുതിയ നീർച്ചോലകൾ രൂപപ്പെട്ടും പലയിടത്തും കുടുംബങ്ങൾ ഒറ്റപ്പെട്ടു. മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, കാരച്ചാൽ, മങ്ങാട് മലവാരങ്ങളിലും എടവണ്ണ ഊർങ്ങാട്ടിരി കുട്ടാടൻ മലവാരങ്ങളിലും പലതവണകളിലായി ഉരുൾപൊട്ടി. കുട്ടാടൻ മലവാരത്ത് പടിഞ്ഞാറേ ചാത്തല്ലൂരിലും കിഴക്കേ ചാത്തല്ലൂരിലും ചോലാർമലയിലുമാണ് പലതവണകളിലായി ഉരുൾപൊട്ടിയത്. എടവണ്ണ വില്ലേജ് പരിധിയിലെ അയിന്തൂർ തപ്പാപ്പാറ മലയിലും ഉരുൾപൊട്ടി. പത്തപ്പിരിയം നെല്ലാണി, പന്നിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും നിരവധി കുടുംബങ്ങൾ ഭീതികാരണം വീടൊഴിഞ്ഞു.

പറയൻമേട് മലയിൽ

എടപ്പറ്റ പുളിയക്കോട് പറയൻമേട് മലയിൽ അപകടഭീഷണി നിലനിൽക്കുന്നതിനാൽ മലയടിവാരത്തിലെ നാല് കുടുംബങ്ങൾ വീടൊഴിഞ്ഞു. വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് പറയൻമേട്ടിലെ പുത്തൻകോട്ട് എസ്റ്റേറ്റിൽ ഉരുൾപൊട്ടിയത്. നിമിഷങ്ങൾക്കകം ഒരു കിലോമീറ്റർ താഴെ മൂനാടി-പുത്തനഴി റോഡിൽ വെള്ളമെത്തി. ഗ്രാമപ്പഞ്ചായത്ത്, വില്ലേജ് ഓഫീസ് അധികൃതർ സ്ഥലത്തെത്തി പുളിയക്കോട് എ.എം.എൽ.പി. സ്കൂളിൽ ദുരിതാശ്വാസക്യാമ്പ് തുറന്നു.

നെന്മിനിയിൽ കൃഷിനാശം

നെന്മിനി വാഴക്കൽ മുക്കാലുണ്ടായ ഉരുൾപൊട്ടലിൽ ഏക്കർകണക്കിന് കാർഷികവിളകൾ നശിച്ചു. ബുധനാഴ്ച രാവിലെയാണ് നെൻമിനി മലയിൽ വാഴക്കൽമുക്കിലെ ഭദ്ര എസ്റ്റേറ്റിലും പരിസരത്തും നാലിടങ്ങളിലായി ഉരുൾപൊട്ടലുണ്ടായത്.

മങ്കടയിൽ

മങ്കടയിൽ 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചേരിയം മലയിൽ 10 സ്ഥലങ്ങളിൽ മലയിടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. വെള്ളില പൂഴിക്കുന്ന് വാഴംപറമ്പ് ചെങ്കൽക്വാറിയുടെ താഴ്ഭാഗം എരഞ്ഞിക്കൽ മലഞ്ചെരുവിലെ റബർതോട്ടത്തിലാണ് ഉരുൾപൊട്ടിയത്. പാറക്കല്ലുകളും മണ്ണും താഴേക്ക് കുത്തിയൊഴുകി. രണ്ടേക്കർ റബ്ബർ നശിച്ചു. മണ്ണിടിഞ്ഞ ഭാഗത്ത് 300 മീറ്ററോളം കുടിവെള്ള പൈപ്പ്‌ലൈൻ ഒലിച്ചുപോയി. പ്രദേശത്ത്കുടിവെള്ളം മുടങ്ങി.

കരുവാരക്കുണ്ടിൽ പാലം തകർന്നു

ബുധനാഴ്ച അർധരാത്രി കൽക്കുണ്ടിലും മണലിയാംപടത്തുമാണ് ഉരുൾപൊട്ടലുണ്ടായത്. ഒലിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ നാട്ടുകാർ ഭീതിയിലായി. തുരുമ്പോട സി.ടി. പാലം തകർന്നു. തുവ്വൂർ മാതോത്ത് കോസ്‌വേയും മാമ്പുഴ പടുമുണ്ട പാലവും വെള്ളത്തിൽ മൂടി ഗതാഗതം മുടങ്ങി. കുണ്ടോട ഭാഗത്ത് വെള്ളം കയറി പ്രദേശത്തെ അൻപത് കുടുംബങ്ങളെ തരിശ് ജി.എൽ.പി.സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.

താഴേക്കോട് രണ്ടിടത്ത് ഉരുൾപൊട്ടൽ

താഴേക്കോട് കൊടികുത്തിമലയുടെ കിഴക്കുഭാഗമായ അരക്കുപറമ്പ് വിടാവ് മലയിൽ ബുധനാഴ്ച പുർച്ചെയാണ് ഉരുൾപൊട്ടിയത്. ഇതിനു സമീപപ്രദേശമായ വെള്ളപ്പാറയിൽ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയുമാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് പ്രദേശത്തെ 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 21 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. മാട്ടറയിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങി.

വാളംതോട്ടിലും വെണ്ടേക്കുംപൊയിലിലും ഉരുൾപൊട്ടി

പ്രദേശത്ത് ഇരുപതിലേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തിഗ്രാമങ്ങളാണ് വാളംതോടും വെണ്ടേക്കുംപൊയിലും. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. കക്കാടംപൊയിൽ-വാളംതോട് റോഡ് മണ്ണുമൂടിക്കിടക്കുകയാണ്. ട്രാൻസ്‌ഫോർമറും തകർന്നു. വെണ്ടേക്കുംപൊയിൽ അങ്ങാടി വെള്ളത്തിലായി. നിലമ്പൂർ- നായാടംപൊയിൽ മലയോരപാതയിൽ വെണ്ടേക്കുംപൊയിൽ റോഡ് തകർന്നു. വിവിധയിടങ്ങളിലായി ഇരുപതിലേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വ്യാപക കൃഷിനാശവുമുണ്ട്. വെണ്ണേക്കോട് മുതുവാൻ കോളനിയിലും മണ്ണിടിഞ്ഞു.