കോട്ടയ്ക്കൽ: ജില്ലയിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച പെയ്തമഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണുണ്ടായത്. മലയോരത്തെ കൃഷിയിടങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. തോടുകളും പുഴകളും കരകവിഞ്ഞ് ഒഴുകുന്നതാണ് മലയോരമേഖലയ്ക്ക് തിരിച്ചടിയായിട്ടുള്ളത്.

വാണിയമ്പലം പൂളക്കുന്ന് എരഞ്ഞിക്കൽ സുഹ്റാബിയുടെ വീടിന്‌ മുകളിൽമാവ് വീണു. വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു. മമ്പാട് ഓടായിക്കൽ, പൊങ്ങല്ലൂർ, എടവണ്ണ കുണ്ടുതോട്, ഒതായി ഭാഗങ്ങളിലാണ് കൃഷിയിടങ്ങൾ വെള്ളത്തിലായത്. ഇവിടെ മണ്ണിടിച്ചിലും വ്യാപകമായി. പൊങ്ങല്ലൂർ പാലത്തിന് സമീപത്തെ തോട് കരകവിഞ്ഞ് കൃഷിയിടങ്ങളിൽ വൻതോതിൽ വെള്ളംകയറി. കുണ്ടുതോട് പുതുവായിലും തോട് കരകവിഞ്ഞ് കൃഷി നാശമുണ്ട്. എരഞ്ഞിക്കോട് മറിയുമ്മയുടെ വീടിന്‌ സമീപത്തേക്കാണ് കുന്നിടിഞ്ഞ് വീണത്. വീടിനോടുചേർന്ന കുന്നിന്റെ ഒരുവശമാണ് ബുധനാഴ്ച ഉച്ചയോടെ ശക്തമായ മഴയിൽ ഇടിഞ്ഞത്.

മുണ്ടേരി വിത്ത്‌ കൃഷിത്തോട്ടത്തിലെ പയ്യാനിത്തോട്ടിൽ വെള്ളം പൊന്തിയതു കാരണം രാവിലെ വന്ന നാല്, അഞ്ച് ബ്ലോക്കുകളിലെ തൊഴിലാളികളെ ട്രാക്ടറിലാണ് ജോലി സ്ഥലത്തേക്കെത്തിച്ചത്. കനത്ത മഴയിൽ കോസ് വേ വെള്ളത്തിൽ മുങ്ങി എടവണ്ണ തുവ്വക്കാട് പ്രദേശത്തുകാർക്ക് വഴിയടഞ്ഞു. 100-ഓളം വിദ്യാർഥികൾക്ക് പഠനം മുടങ്ങി.

ശക്തമായ മഴയിൽ ഒലിപ്പുഴ കരകവിഞ്ഞതിനെത്തുടർന്ന് വളരാട് തൊണ്ണംകടവ് പാലം വെള്ളത്തിലായി. എടക്കര പുന്നപ്പുഴയിലെ മുപ്പിനിപ്പാലത്തിന് മുകളിൽ വെള്ളം കയറി. വെള്ളിയാർ നിറഞ്ഞുകവിഞ്ഞതോടെ പുഴയോരത്തുള്ള കുടിവെള്ളപദ്ധതിയുടെ കിണറുകളും പമ്പ്ഹൗസുകളും വെള്ളത്തിലായി. ചുങ്കംപള്ളിക്കുത്ത് ജി.എൽ.പി. സ്കൂൾമതിൽ ഇടിഞ്ഞു വീണു.

തീരദേശമേഖലകളിലും വ്യാപക നഷ്ടമാണ് ഉണ്ടായത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മുറിഞ്ഞഴി, പുതുപൊന്നാനി മുനമ്പം ബീ വിജാറം, വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി അജ്മീർ നഗർ, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമായിട്ടുള്ളത്. ലൈറ്റ് ഹൗസിന്റെ പരിസരത്താണ് കൂടുതൽ കര കടലെടുക്കുന്നത്. ഇവിടുത്തെ റോഡ് മുഴുവനായി തകർന്നിട്ടുണ്ട്. കനത്ത മഴയിൽ തിരൂർ-ചമ്രവട്ടം റോഡിൽ മരംവീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.