കോട്ടയ്ക്കൽ: തുടർച്ചയായി എട്ടുദിവസം നോമ്പെടുത്ത ക്ഷീണമൊന്നും അജ്മലിന്റെ ആവേശം ഒട്ടുംകുറച്ചില്ല. വാക്കുകൾ വ്യക്തമല്ലെങ്കിലും പാട്ടിനൊപ്പം കൂട്ടുകാരെ ചുവടുവെപ്പിക്കാനുള്ള നമ്പറൊക്കെ അജ്മലിനറിയാം. തെന്നല കൊടക്കല്ലിലെ ബ്ലൂംസ് സ്പെഷ്യൽ സ്കൂളിൽ അജ്മലിനെപ്പോലെ പാട്ടുപാടാനും ചിത്രം വരയ്ക്കാനും നൃത്തം ചെയ്യാനും ഒത്തിരി ഇഷ്ടമുള്ള കൂട്ടുകാരുണ്ട്. പക്ഷേ, ചെറിയ വാടകക്കെട്ടിടത്തിൽ ഇവർക്കുള്ളത് പരിമിതികൾ മാത്രമാണ്. മുൻ സി.ഡി.എസ്. ചെയർപേഴ്‌സൺ യാസ്‌മിൻ അരിമ്പ്രയാണ് ബ്ലൂംസ് സ്പെഷ്യൽ സ്കൂൾ നടത്തുന്നത്.

ആദ്യം ബഡ്‌സ് സ്കൂൾ, പിന്നെ സ്പെഷ്യൽ സ്കൂൾ

തെന്നല ബഡ്‌സ് സ്കൂൾ എന്നപേരിൽ 2015-ൽ ബഡ്‌സ് സ്കൂൾ തുടങ്ങിയെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം 2017-ൽ സ്കൂളിന്റെ പ്രവർത്തനം നിർത്തി. സ്കൂളിന്റെ അന്തരീക്ഷത്തിൽനിന്നുമാറി വീണ്ടും വീടിന്റെ ചുവരുകൾക്കുള്ളിലായപ്പോൾ കുട്ടികളിൽ പലരും പഴയപോലെയായതാണ് യാസ്‌മിനെ വിഷമിപ്പിച്ചത്. കളിക്കാനും ചിരിക്കാനും മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായ ഒരിടം ആവശ്യമായ ഇവർക്ക് ഒരുമിച്ചുകൂടാനുള്ള സൗകര്യം അത്യാവശ്യമാണെന്നു തിരിച്ചറിഞ്ഞാണ് ഇക്കഴിഞ്ഞ മാർച്ചിൽ സ്പെഷ്യൽ സ്കൂളായി ബ്ളൂംസ് തുടങ്ങുന്നത്.

ബഡ്‌സ് സ്‌കൂളിൽ 18 വയസ്സുവരെയുള്ളവർക്കേ പ്രവേശനമുള്ളൂ. സ്പെഷ്യൽ സ്കൂളാകുമ്പോൾ ഇത്തരം പരിമിതികൾ മറികടക്കാം. മാത്രമല്ല തെന്നലയിൽ ഭിന്നശേഷിക്കാരായവരുടെ എണ്ണം കൂടുതലാണ്. തെന്നല ഗ്രാമപ്പഞ്ചായത്തിൽമാത്രം കുട്ടികളടക്കം 282 ഭിന്നശേഷിക്കാരുണ്ടെന്ന് ആശ്രയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ളവരാണ് ഏറെയും. അമ്മമാർ തനിച്ചുനോക്കുന്നവരാണ് കൂടുതൽപേരും. അതുകൊണ്ടുതന്നെ പകൽസമയങ്ങളിൽ കണ്ണുതെറ്റാതെ കുട്ടികളെ പരിചരിക്കാൻ പലർക്കും പ്രയാസമാണ്. ഇവരെ സ്കൂളിൽവിട്ടാൽ ആധിയില്ലാതെ ജോലിക്കുപോകാമെന്ന് അമ്മമാർ പറയുന്നു.

സ്വപ്നങ്ങളേറെയാണ്, പക്ഷേ...

36 കുട്ടികൾ ബ്ളൂംസിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. സ്ഥിരമായി ഇരുപതോളംപേർ എത്താറുണ്ട്. ഒരധ്യാപികയും ആയയുമാണ് ഇത്രയുംപേരെ പരിചരിക്കാൻ. ഒരുമാസം യാത്രച്ചെലവടക്കം 30,000 രൂപയാകുമെന്ന് യാസ്‌മിൻ പറയുന്നു. കുട്ടികളുടെ അമ്മമാരെ ഉൾപ്പെടുത്തി യാസ് (YAS) പബ്ലിക് ചാരിറ്റബിൾട്രസ്റ്റ് എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. ട്രസ്റ്റിന്റെ രജിസ്‌ട്രേഷൻ നടപടികൾ നടക്കുകയാണ്. സ്കൂളിനായി സ്ഥലം കണ്ടെത്താൻ ഇതുവരെയായിട്ടില്ല. സ്വന്തമായി സ്ഥലമുണ്ടെങ്കിൽ കെട്ടിടം സർക്കാർ നിർമിച്ചുനൽകും.

സ്കൂൾ നിർത്തിയാൽ പടച്ചോൻ പൊറുക്കില്ലെന്ന അമ്മമാരുടെ അപേക്ഷ മാത്രമാണ് യാസ്‌മിന് മുന്നോട്ടുപോകാനുള്ള ശക്തി. കുട്ടികൾക്ക് കൂട്ടുകൂടി ഇരിക്കാനൊരിടം എന്നതിലപ്പുറമാണ് ബ്ളൂംസിനെക്കുറിച്ച് യാസ്‌മിന്റെ സ്വപ്നം. സ്കൂളിലെത്തുന്നവരിൽ കൂടുതൽപേരും 18 വയസ്സിനു മുകളിലുള്ളവരാണ്. അതുകൊണ്ടുതന്നെ പഠനത്തോടൊപ്പം തൊഴിൽപരിശീലനം നൽകി ഇവർക്കായി വിപണനകേന്ദ്രം ഇവിടെത്തന്നെ ഒരുക്കണം. രാത്രിയും പരിചരണം ആവശ്യമുള്ളവരെ താമസിപ്പിച്ച് സംരക്ഷിക്കാനൊരിടവും വേണം. ഇവരുടെ ചികിത്സയ്ക്കുള്ള സംവിധാനവും ബ്ലൂംസിൽത്തന്നെ ഒരുക്കാനുള്ള ശ്രമത്തിലാണ് യാസ്‌മിൻ.