മമ്പാട്: കൂവ്വപ്പൊടിയുടെഗുണം ഏറെപ്പേർക്കറിയാം. എന്നാൽ കൂവക്കൃഷിയെക്കുറിച്ച് മിക്കവരും അജ്ഞരാണ്. ശ്രദ്ധയോടെ പരിപാലിച്ചാൽ മികച്ച നേട്ടം സമ്മാനിക്കുന്ന കൃഷിയാണിതെന്ന് എടവണ്ണ ചെമ്പക്കുത്തിൽ താമസിക്കുന്ന ജുമൈലാബാനു പറയുന്നു. ആറുവർഷമായി ജുമൈലാ ബാനു ഈ കൃഷി ചെയ്യുന്നുണ്ട്.
തിരുവാലി പഞ്ചായത്തിലെ എറിയാട് ഭാഗത്തെ അഞ്ചേക്കർ പാട്ടസ്ഥലത്താണ് ഇവരുടെ വിശാലമായ കൂവപ്പാടം. മൂന്ന് വർഷമായി ഇവർ ഇവിടെ കൃഷിതുടങ്ങിയിട്ട്. മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗങ്ങളിലായിരുന്നു കൃഷി. താമസം എടവണ്ണയിലേക്ക് മാറ്റിയപ്പോഴും കൃഷി കൈവിടാൻ ജുമൈലാ ബാനുവിന് മനസ്സുവന്നില്ല.
മെയ് -ജൂൺ മാസത്തിലാണ് കിഴങ്ങ് നടേണ്ടത്. ഡിസംബർ -ജനുവരി മാസങ്ങളിൽ വിളവെടുക്കാം. കാര്യമായ കീട ശല്യമൊന്നും ബാധിക്കാത്ത കൃഷികൂടിയാണിത്. ഈ മേഖലയിലെ മണ്ണ് കൂവ്വക്കൃഷിയ്ക്ക് ഏറെ അനുയോജ്യമാണെന്നും ജുമൈലാബാനു പറയുന്നു.
ഒരേക്കർ കൃഷിയിൽനിന്നും കുറഞ്ഞത് അഞ്ചുടൺ കിഴങ്ങ് ലഭിക്കും. കിലോയ്ക്ക് കുറഞ്ഞത് 50 രൂപയെങ്കിലും കിട്ടും. ഒരേക്കർ കൃഷിയിൽനിന്നും കുറഞ്ഞത് രണ്ടരലക്ഷം രൂപ കിട്ടും. ചെലവിനത്തിൽ ഇതിന്റെ പകുതിയോളമേ വരൂ എന്നും ജുമൈലാബാനു പറയുന്നു. ആറുവർഷമായി ആരോ റൂട്ട് എന്ന കമ്പനിക്കാണ് കൂവ നൽകുന്നത്.
ഇവിടെ മഴയുടെ ആരംഭത്തിൽ കൃഷി തുടങ്ങുന്നതിനാൽ വിളവെടുപ്പുവരെ ജലസേചനം നടത്താറില്ല. പന്നി ശല്യമാണ് കൃഷിയ്ക്ക് പ്രധാനവെല്ലുവിളി. ഇതിനാൽ സൗരോർജവേലി സ്ഥാപിച്ചാണ് ജുമൈലാ ബാനുവിന്റെ കൂവകൃഷി.