കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ നിർദിഷ്ട ആർ.ടി.ഒ. ഓഫീസിൽ വാഹനങ്ങൾ കെ.എൽ. 84 സീരിയൽ നമ്പറിലായിരിക്കും രജിസ്റ്റർചെയ്യുക. വാഹന രജിസ്‌ട്രേഷൻ സീരിയിൽ നമ്പർ അനുവദിച്ച് സർക്കാർ വിജ്ഞാപനമായി. അതേസമയം, ആർ.ടി.ഒ. ഓഫീസ് അനുവദിച്ച് ഒരു വർഷമാകാറായിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി 11-നാണ് സംസ്ഥാനത്ത്് കൊണ്ടോട്ടിയടക്കം ഏഴിടങ്ങളിൽ പുതിയ റീജ്യണൽ ട്രാൻസ്‌പോർട്ട് സബ് ഓഫീസ് തുടങ്ങാൻ അനുമതി നൽകിയത്. സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രയാസമാണ് ഓഫീസ് തുടങ്ങുന്നത് വൈകുന്നത്. നേരത്തെ, വിമാനത്താവളത്തിന് സമീപം കെ.എസ്.ഐ.ഇ.യുടെ കെട്ടിടത്തിൽ ഓഫീസ് തുടങ്ങുന്നതിന് ശ്രമം നടത്തിയിരുന്നു. എന്നാൽ വ്യവസായവകുപ്പ് കെട്ടിടം അനുവദിക്കാഞ്ഞതോടെ പദ്ധതി പാളി. ആർ.ടി. ഓഫീസിനൊപ്പം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള മൈതാനം അടക്കം സജ്ജമാക്കേണ്ടതുണ്ട്്. സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുകയെന്നത് വെല്ലുവിളിയായി തുടരുകയാണ്. പുതിയ സ്ഥലം കണ്ടെത്തി ഓഫീസ് തുടങ്ങുന്നതിനുള്ള ശ്രമം നടന്നുവരികയാണെന്ന്് ടി.വി. ഇബ്രാഹിം എം.എൽ.എ. പറഞ്ഞു. നിലവിൽ താലൂക്ക് പരിധിയിലുള്ളവർ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനും വാഹനങ്ങൾ രജിസ്റ്റർചെയ്യുന്നതിനുമെല്ലാം മലപ്പുറത്തെ ആർ.ടി.ഒ. ഓഫീസിനെയാണ് ആശ്രയിക്കുന്നത്.