കൊണ്ടോട്ടി: ചെരുപ്പടിമലയിൽ ദിവസങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന വളർത്തുനായയുടെ രക്ഷയ്ക്ക് എമർജൻസി റെസ്‌ക്യുഫോഴ്‌സ് അംഗങ്ങളെത്തി.

ഉടമസ്ഥൻ ഉപേക്ഷിച്ചനിലയിൽ ചെരുപ്പടിമലയിൽ വളർത്തുനായയെ കാണാൻ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ തീർത്തും അവശനിലയിലായിരുന്നു നായ.

വിവരമറിഞ്ഞെത്തിയ എമർജൻസി റെസ്‌ക്യുഫോഴ്‌സ് അംഗങ്ങൾ നായയെ പിടിച്ച് ചികിത്സ നൽകുന്നതിനായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മേനക ഗാന്ധിയുടെ അനിമൽ റെസ്‌ക്യു ടീം നായയെ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയാൻ കഴിഞ്ഞത്. നായയുടെ പൂർണ ഉത്തരവാദിത്വം ഇവരാണ് ഏറ്റെടുത്തിട്ടുള്ളത്.

കിഴിശ്ശേരി ഇ.ആർ.എഫ്. അംഗങ്ങളായ സുനിൽബാബു, ഷൗക്കത്ത് പനോളി, ഹമീദ് കുന്നംവള്ളി, നിഹാദ് മുസ്‌ലിയാരങ്ങാടി, വാഴക്കാട്ടുനിന്നുള്ള അൻവർ, നിലമ്പൂരിൽനിന്നുള്ള മജീദ്, ഷഹബാൻ, ആഷിഖ് മമ്പാട് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയത്.