കൊണ്ടോട്ടി: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള റോഡുകൾ രണ്ടരമണിക്കൂറോളം ഉപരോധിച്ചു. ഞായറാഴ്ച നാലോടെ പ്രകടനമായെത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർ നൂഹ്‌മാൻ ജങ്ഷനിൽ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡും മേലങ്ങാടി, കുമ്മിണിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളുമാണ് ഉപരോധിച്ചത്.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനംചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം അധ്യക്ഷതവഹിച്ചു. ദേശീയ സെക്രട്ടറി എസ്. ഇർഷാദ്, മഹേഷ് തോന്നക്കൽ, കെ.എം. ഷെഫ്രിൻ, നജ്ദ റൈഹാൻ, അനീഷ് പാറമ്പുഴ, ഫസ്‌ന മിയാൻ, സമീർ അലി, നാസർ കീഴുപറമ്പ്, നയീം ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, സംസ്ഥാന ജനറൽസെക്രട്ടറി മഹേഷ് തോന്നക്കൽ, വൈസ് പ്രസിഡന്റുമാരായ അനീഷ് പാറാമ്പുഴ തുടങ്ങി പത്തുപേരെ കരിപ്പൂർ പോലീസ് അറസ്റ്റുചെയ്ത് നീക്കിയശേഷമാണ് സമരം അവസാനിച്ചത്.

വിമാനത്താവള ഉപരോധം: യാത്രക്കാർ വലഞ്ഞു

കൊണ്ടോട്ടി: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ വിമാനത്താവളം ഉപരോധിച്ചത് പ്രവാസികളടക്കമുള്ള യാത്രക്കാരെ വലച്ചു. നൂഹ്‌മാൻ ജങ്ഷനിൽ മൂന്ന് റോഡുകളിലും പ്രവർത്തകർ നിരന്നതോടെ വിമാനത്താവളത്തിലേക്ക് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതായി.

പെട്ടികളും സാധനങ്ങളുമായി യാത്രക്കാർ ഒരു കിലോമീറ്ററോളം നടന്നാണ് വിമാനത്താവളത്തിലെത്തിയത്. വിമാനത്താവള റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. അതേസമയം ഉപരോധസമരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചില്ല.

പാർക്കിങ്‌വേ നവീകരണം നടക്കുന്നതിനാൽ ഒരുമണി മുതൽ ആറുമണി വരെ റൺവേ അടച്ചിടുന്നുണ്ട്. ഈസമയം വിമാന സർവീസില്ല. അതുകൊണ്ടുതന്നെ വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുപോകേണ്ട യാത്രക്കാർ ഇല്ലായിരുന്നു. രാത്രിയിലുള്ള വിമാനങ്ങളുടെ സർവീസിനെയും സമരം ബാധിച്ചില്ല.