കൊണ്ടോട്ടി: ക്ലാസ് മുറിയിലെ സിമന്റ് തേയ്ക്കാത്ത അരച്ചുമരുകളിലെ മാളങ്ങൾ നേരത്തെ കൊണ്ടോട്ടി ചുങ്കം ജി.എം.എൽ.പി. സ്‌കൂൾ കുട്ടികൾക്ക് കൗതുകമായിരുന്നു. എന്നാലിപ്പോൾ ഭയമാണ്. മാളങ്ങളിൽ വിഷജന്തുക്കൾ പാർക്കുന്നുണ്ടോയെന്ന ഭയം.

1928-ൽ പ്രവർത്തനം തുടങ്ങിയ സ്‌കൂളിൽ പ്രീ പ്രൈമറിയിൽ ഉൾപ്പെടെ 216 കുട്ടികളുണ്ട്. 2013-ലാണ് പുതിയകെട്ടിടം പണിതത്. രണ്ടാംനിലയിലെ ക്ലാസ് മുറികളിലാണ് ചുമരുകളിൽ നിറയെ മാളങ്ങളുള്ളത്. സാങ്കേതിക തടസ്സംമൂലമാണ് സ്‌കൂളിന്റെ കെട്ടിടം പണി പൂർത്തീകരിക്കാനാവാത്തത്.

പഴയങ്ങാടി റോഡരികിലുള്ള സ്‌കൂളിന് വെറും ഏഴേകാൽ സെന്റ് സ്ഥലം മാത്രമാണുള്ളത്. സ്‌കൂൾ കെട്ടിടനിർമാണത്തിന് ടി.വി. ഇബ്രാഹിം എം.എൽ.എ. ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ അനുവദിച്ചെങ്കിലും സാങ്കേതിക തടസ്സംമൂലം ഫണ്ട് വിനിയോഗിക്കാനാവുന്നില്ല. കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണ് കെട്ടിടം പണിതതെന്ന് പറഞ്ഞാണ് ഫണ്ട് വിലക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും പിരിവെടുത്താണ് ഒന്നാംനിലയിലെ പണി പൂർത്തീകരിച്ചത്.