കൊണ്ടോട്ടി: നവീകരണം നടക്കുന്ന റോഡിലെ വൈദ്യുതിത്തൂണുകൾ മാറ്റാത്തത് ദുരിതമാകുന്നു. കൊണ്ടോട്ടി പതിനേഴ് മുതൽ കുറുപ്പത്ത് ജങ്ഷൻ വരെ നടക്കുന്ന റോഡ് നവീകരണം വൈദ്യുതിത്തൂണുകൾ മാറ്റാത്തതിനാൽ നീണ്ടുപോകുന്നു. റോഡിൽ പൊടിശല്യം രൂക്ഷമായത് വ്യാപാരികൾക്കും വാഹനയാത്രക്കാർക്കും ദുരിതമാകുകയാണ്.
പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടി വെട്ടിപ്പൊളിച്ച റോഡിൽ നവീകരണത്തിനുവേണ്ടി ക്വാറി മാലിന്യം നിരത്തിയിട്ട് മാസങ്ങളായി. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വേനൽ കടുത്തതോടെ പൊടിശല്യം വർധിക്കുകയാണ്.
റോഡ് ഉടനെ റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി.) ആവശ്യപ്പെട്ടു.