കൊണ്ടോട്ടി: മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് സമ്മേളനം കൊടിവരവോടെ തുടങ്ങി. മണ്ഡലത്തിലെ 140 ശാഖകളിൽനിന്ന് പതാകകളുമായി പ്രവർത്തകർ കൊടിവരവ് നടത്തി. സമ്മേളനനഗരിയിൽ ഉയർത്താനുള്ള പതാക മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് എ. മുഹിയുദ്ദീൻ അലിക്കും ജനറൽസെക്രട്ടറി കെ.ടി. ഷക്കീർ ബാബുവിനും കൈമാറി ഉദ്ഘാടനംചെയ്തു.
ചുക്കാൻ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനസമ്മേളനം പി.എം. സാദിഖലി ഉദ്ഘാടനംചെയ്തു. എ. മുഹിയുദ്ദീൻ അലി അധ്യക്ഷതവഹിച്ചു. നജീബ് കാന്തപുരം, കെ.ടി. അഷ്‌റഫ്, കെ.ടി. ഷക്കീർബാബു, കെ.കെ.എം. ഷാഫി എന്നിവർ പ്രസംഗിച്ചു. ദ ഹോണറബിൾ എക്‌സിസ്റ്റൻസ് ഡോക്യുമെന്ററി പ്രദർശനവും നടന്നു. വ്യാഴാഴ്ച രണ്ടുമണിക്ക് നടക്കുന്ന യുവതീ സംഗമം വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനംചെയ്യും. രാത്രി ഏഴിന് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമം ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനംചെയ്യും.