കൊണ്ടോട്ടി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ആഘോഷമാക്കി യു.ഡി.എഫ്. പ്രവർത്തകർ. നാമനിർദേശപത്രിക നൽകാനെത്തിയ രാഹുലിന് ഗംഭീര സ്വീകരണമാണ് കോഴിക്കോട്‌ വിമാനത്താവളത്തിൽ ഒരുക്കിയത്. രാഹുലിനൊപ്പം പ്രിയങ്കയും വന്നത് പ്രവർത്തകർക്ക്‌ ആവേശമേറ്റി. ബുധനാഴ്ച സന്ധ്യയോടെത്തന്നെ പ്രവർത്തകർ വിമാനത്താവളത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

നേരത്തേ, രാത്രി 8.10-ന് രാഹുൽഗാന്ധി എത്തുമെന്നായിരുന്നു വിവരം ലഭിച്ചത്. പിന്നീടാണ് വിമാനം എത്താൻ ഒമ്പതുമണി കഴിയുമെന്ന അറിയിപ്പുവന്നത്. കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികളേന്തി പ്രവർത്തകർ ടെർമിനലിനുമുന്നിൽ മുദ്രാവാക്യങ്ങളോടെ നേതാക്കളെ സ്വീകരിക്കാൻ തയ്യാറെടുത്തു.

ചെറുസംഘങ്ങളായി മുദ്രാവാക്യംവിളിച്ച് പ്രകടനവും നടത്തി. എട്ടുമണിയായപ്പോഴേക്കും നൂറുകണക്കിനാളുകൾ വിമാനത്താവളത്തിലെത്തി. ആഗമന ടെർമിനലിനുമുന്നിൽ ആകാംക്ഷയോടെ കാത്തുനിന്ന പ്രവർത്തകർക്കുസമീപം രാഹുൽ എത്തി കൈവീശി അഭിവാദ്യംചെയ്തതോടെ ആവേശം അലതല്ലി. പ്രിയങ്കാഗാന്ധി വാതിലിനടുത്തേക്ക് വരാതെ ആഗമനഹാളിൽനിന്ന് പ്രവർത്തകരെ കൈവീശി അഭിവാദ്യംചെയ്തു. രാഹുലും പ്രിയങ്കയും കോഴിക്കോട്ടേക്ക് പുറപ്പെട്ടശേഷവും പ്രവർത്തകർ ടെർമിനലിനുമുന്നിൽ കൂടിനിന്നിരുന്നു.