മഞ്ചേരി: കെ.എം. മാണിയുടെ വേർപാടിനെത്തുടർന്ന് പന്തല്ലൂരിലെ യു.ഡി.എഫ്. പൊതുയോഗം പാതിവഴിയിൽ അവസാനിപ്പിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു മുഖ്യാതിഥി. അദ്ദേഹം എത്തുന്നതിന് തൊട്ടുമുമ്പാണ് കെ.എം. മാണിയുടെ വിയോഗവാർത്തയെത്തിയത്. അപ്രതീക്ഷമായെത്തിയ വാർത്ത വേദിയിലും സദസ്സിലും ഞെട്ടലുണ്ടാക്കി. ഉമ്മൻചാണ്ടിയെത്തിയതും അല്പനേരം മൗനാചരണം നടത്തി. ഉടൻതന്നെ ചടങ്ങ് അവസാനിപ്പിച്ച് അദ്ദേഹം പാലയിലേക്ക് പുറപ്പെട്ടു. അരീക്കോട് നടക്കേണ്ട പൊതുയോഗവും റദ്ദാക്കിയാണ് മടങ്ങിയത്. അബ്ദുസമദ് സമദാനി, പി. ഉബൈദുളള എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് തുടങ്ങിയവരും പന്തല്ലൂരിൽ യോഗത്തിലുണ്ടായിരുന്നു.

കർഷകസമൂഹത്തിന് തീരാനഷ്ടം

മഞ്ചേരി: കേരളത്തിലെ കർഷകരെ സംരക്ഷിക്കുന്നതിലെ മുന്നണിപ്പോരാളിയായിരുന്ന കെ.എം. മാണിയുടെ വിയോഗം കർഷകസമൂഹത്തിന് തീരാനഷ്ടമാണെന്ന് എൻ.സി.പി. സംസ്ഥാന ഖജാൻജി ബാബുകാർത്തികേയൻ അഭിപ്രായപ്പെട്ടു. നിയസഭാസാമാജികനെന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ചയാളായിരുന്നു കെ.എം. മാണിയെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: km mani death, oommen chandy returned to pala during the election meeting