മലപ്പുറം: ആർപ്പുവിളികളും കൈയടികളുമായി ഗാലറി കൂടെനിന്നപ്പോൾ മലപ്പുറത്തിന്റെ കുട്ടികൾ കിരീടത്തിൽ കുറഞ്ഞതൊന്നും ആലോചിച്ചില്ല. സംസ്ഥാന ജൂനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം കൈവിടാതെ മലപ്പുറത്തിന്റെ ചുണക്കുട്ടികൾ കെ.വി. ശങ്കരനാരായണൻ ട്രോഫി ശേഖരത്തിലെത്തിച്ചു.
കഴിഞ്ഞകൊല്ലം കാസർകോട് നടന്ന ടൂർണമെന്റിലും മലപ്പുറമായിരുന്നു ജേതാക്കൾ. കോട്ടപ്പടി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്കുമുന്നിൽ മിന്നും പ്രകടനമാണ് ആതിഥേയർ പുറത്തെടുത്തത്.
35 വർഷത്തിനുശേഷം മലപ്പുറത്ത് വിരുന്നെത്തിയ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിനെതിരേ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് വിജയം. കളി തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ മലപ്പുറത്തിന് മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പത്താം മിനിറ്റിൽ ഫൗളിലൂടെ ലഭിച്ച ഫ്രീകിക്കിലൂടെയാണ് ആദ്യഗോൾ പിറന്നത്.
ആദ്യപകുതി തീരുന്നതുവരെ കാര്യമായ മുന്നേറ്റം നടത്താൻ അനന്തപുരിക്കായില്ല. 43-ാം മിനിറ്റിൽ ഇടതു വിങ്ങിൽനിന്ന് ലഭിച്ച മനോഹരമായ ക്രോസിൽ രണ്ടാമത്തെ ഗോളും മലപ്പുറം സ്വന്തമാക്കി. സമനിലയിലെത്തിക്കാൻ തലസ്ഥാന ടീം ആഞ്ഞുപിടിച്ചെങ്കിലും ഫലംകണ്ടില്ല.
ഫഹദിൽ കണ്ടു, നമ്മുടെ ജാബിറിനെ
മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സി. ജാബിറിന്റെ കളികൾ ഓർക്കാത്ത കാൽപ്പന്തുപ്രേമികളുണ്ടാകില്ല. മൂന്നുവർഷം മുൻപ് കാറപകടത്തിൽ മരിച്ച ജാബിറിന്റെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന കോട്ടപ്പടി സ്റ്റേഡിയത്തിൽ മകൻ ഫഹദ് ജാബിർ മലപ്പുറത്തിനായി പന്തുതട്ടാനിറങ്ങി. സബ്‌ജൂനിയർ ടീമിലും അംഗമായിരുന്ന ഫഹദ് അരീക്കോട് സുല്ലമുസ്സലാം ഒറിയന്റൽ സ്‌കൂളിൽ പത്താംക്ലാസിലാണ് പഠിക്കുന്നത്.