തിരൂർ: കേരളാ പ്രീമിയർ ലീഗ് ഫുട്ബോൾ സെമിഫൈനൽ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സുമായി മത്സരിച്ച അജ്മൽ ബിസ്മിസാറ്റിലെ താരങ്ങൾ ഹോം ഗ്രൗണ്ടിൽ വിജയമുറപ്പിച്ചാണ് ഇറങ്ങിയതെങ്കിലും തോറ്റ് കണ്ണീരോടെ കളം വിടേണ്ടിവന്നു.

ടൈബ്രേക്കറിലൂടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഗോളടിക്കാനുള്ള നിരവധി അവസരങ്ങൾ സാറ്റിന് ഉപയോഗപ്പെടുത്താൻ കഴിയാത്തതാണ് കാണികൾക്കും കളിക്കാർക്കും നിരാശയായത്. സാധാരണ കളികളിൽനിന്ന് വ്യത്യസ്തമായി സ്റ്റേഡിയം കാണികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസിനും മൈതാനത്തിലിറങ്ങേണ്ടി വന്നു.

ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി ഒന്നാംസ്ഥാനത്തെത്തിയ തിരൂർ അജ്മൽ ബിസ്മി സാറ്റ്, ഗ്രൂപ്പ് എയിൽ രണ്ടാംസ്ഥാനത്ത് ഫിനിഷ്ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമുമായാണ് മത്സരിച്ച് തോറ്റത്. ഇതുവരെ ആറുകളികളിൽ നിന്ന് നാല്‌ വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി 13 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയാണ് സെമിയിൽ എത്തിയത്.

കഴിഞ്ഞ രണ്ട്‌ സീസണുകളിൽ സെമിയിൽനിന്ന് മടങ്ങേണ്ടിവന്ന ബിസ്മി സാറ്റിന് ഇത്തവണയും മങ്ങലേറ്റു. ടീമിലെ മുഹമ്മദ് ആസിഫിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തതാണ് ആശ്വാസമായത്.

Content Highlights: kerala premier league football tirur