സി .പി.എമ്മിന്റെ സമീപകാല ചരിത്രത്തിലൊന്നും ഇല്ലാത്ത ഞെട്ടലായിരുന്നു ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം. മലബാറിലെ എല്ലാ സീറ്റുകളും ഒരുപോലെ നഷ്ടപ്പെട്ടുപോയ കാലം അടുത്തൊന്നും ഉണ്ടായിട്ടില്ല. ആ ഞെട്ടലിനു പിന്നാലെയാണ് പാർട്ടിയിലെ കണ്ണൂർ നേതാക്കൾക്കുനേരെ ഉയരുന്ന ആരോപണങ്ങളും. ഇതുരണ്ടും മറികടക്കാനും പാർട്ടിക്ക് പോറലേറ്റില്ലെന്നു തെളിയിക്കാനുമുള്ള പരിശ്രമത്തിലാണ് പാർട്ടി. ഈ തിരഞ്ഞെടുപ്പിലൂടെത്തന്നെ അതുതെളിയിക്കണമെന്ന ഉറച്ചവാശിയിലുമാണ് നേതൃത്വം.
സി.പി.എമ്മിന്റെ സമീപകാലചരിത്രത്തിൽ കണ്ണൂർ ലോബിയെക്കുറിച്ചുള്ള ആക്ഷേപം ഇടയ്ക്കിടെ ഉയരാറുണ്ട്. അതെല്ലാം ഫലപ്രദമായി നേരിടാനായതാണ് കണ്ണൂരിലെ പാർട്ടി നേതാക്കളുടെ വിജയവും. കരുത്തുറ്റ സംഘടനാ സംവിധാനവും ശക്തരായ നേതാക്കളുമാണ് സി.പി.എമ്മിൽ കണ്ണൂരിന്റെ സവിശേഷത. അതു ശരിവെക്കുന്നവിധത്തിലുള്ള വിജയങ്ങളും സി.പി.എം. കണ്ണൂരിൽ നേടാറുമുണ്ട്.
മൂന്നുപതിറ്റാണ്ടിലേറെയായി കൈയിൽവെച്ചിരുന്ന കാസർകോടുപോലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടത് പാർട്ടിക്ക് ഷോക്കായിരുന്നു. കണ്ണൂരും വടകരയുംകൂടി നഷ്ടമായതോടെ ആ ഷോക്കിന്റെ പ്രഹരശേഷി അളക്കാവുന്നതിലും അപ്പുറമായി.
സംഘപരിവാറിനെതിരേയെന്ന നിലയിൽ മുസ്‌ലിം സമുദായത്തിലെ വലിയൊരു വോട്ടും കോൺഗ്രസിനുേപായെന്നത് സി.പി.എം. തിരിച്ചറിഞ്ഞിരുന്നു. ഈ വോട്ടുകൾ ഏറെയും സി.പി.എമ്മിന് കിട്ടുന്നതുമായിരുന്നു. സ്വന്തം പാളയത്തിൽനിന്നും ധാരാളം ചോർച്ച നടന്നതായി പാർട്ടിക്ക് ബോധ്യമായി.
ഇതിനിടെയാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉൾപ്പെടെ ചിലനേതാക്കൾ വിവാദങ്ങളിൽപ്പെടുന്നത്. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയവിവാദങ്ങളിൽ പലതിലും പ്രതിസ്ഥാനത്ത് കണ്ണൂർ നേതാക്കളുണ്ടെന്നതും ശ്രദ്ധേയം. ഇതെല്ലാം മറികടന്ന് പാർട്ടിയുടെ ശേഷിയും സ്വാധീനവും പഴയതുപോലെതന്നെയുണ്ടെന്ന് സ്ഥാപിച്ചെടുക്കേണ്ടത് സി.പി.എമ്മിൽ മറ്റാരേക്കാളും കണ്ണൂർ നേതൃത്വത്തിന്റെ ആവശ്യമാണ്. ഭരണത്തുടർച്ച ഉറപ്പാക്കാനും മുന്നണിയിൽതന്നെ മേധാവിത്വം ഉറപ്പാക്കാനും ഇതാവശ്യമാണ്.
വികസനവും പ്രതിരോധവും
സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം വേറെയും. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ഉത്തരമലബാറിൽ ഇടതുമുന്നണിക്കെന്നും മേൽക്കൈ ഉണ്ടാകാറുണ്ട്. അത് വർധിപ്പിക്കാനും നിയമസഭാ തിരഞ്ഞെടുപ്പുവരെ ആ ആവേശം നിലനിർത്തിയെടുക്കാനുമുള്ള തീവ്രശ്രമങ്ങളും ആസൂത്രണങ്ങളുമാണ് സി.പി.എം. നടത്തുന്നത്.