നിലമ്പൂർ: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സഹായംതേടി പ്ലസ്ടു വിദ്യാർഥി നിലമ്പൂരിൽനിന്ന് ഗോവയിലേക്ക് നടത്തുന്ന കാൽനടയാത്രയ്ക്ക് തുടക്കമായി. നിലമ്പൂർ ടൗണിൽ ആയുർവേദ വൈദ്യശാല നടത്തുന്ന കെ.ആർ. രജീഷിന്റെയും പോരൂർ ഗവ. ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. സിന്ധ്യയുടെയും മകൻ സാഗർ കെ. ചന്ദ്രൻ (18) ആണ് ശനിയാഴ്ച ഉച്ചയോടെ നിലമ്പൂർ വ്യാപാരഭവനിൽനിന്ന് യാത്രപുറപ്പെട്ടത്.

ജെ.സി.ഐ. ആണ് സാഗറിന്റെ യാത്ര സ്‌പോൺസർ ചെയ്യുന്നത്. മാർച്ച് നാലിന് ഗോവയിലെത്താനാണ് പരിപാടി. അതിനിടയിൽ 22 പോയിന്റുകളിൽ പൊതുജനങ്ങളുമായി സംവദിക്കും. അവിടങ്ങളിൽ ചിത്രംവരച്ച് ലേലത്തിൽ വിറ്റുകിട്ടുന്ന തുകയും ഫണ്ടിലേക്ക് മുതൽക്കൂട്ടാക്കും. ജെ.സി.ഐ. ആണ് ഫണ്ട്‌ ശേഖരിക്കുക. ഓരോദിവസവും 40 മുതൽ 60 വരെ കിലോമീറ്ററാണ് യാത്രചെയ്യുക.

യാത്രയിലെ ആദ്യ സ്വീകരണം ശനിയാഴ്ച മുക്കത്ത് നടന്നു. ഞായറാഴ്ച രാവിലെ മുക്കത്തുനിന്ന് പുറപ്പെടും. വൈകുന്നേരം കോഴിക്കോട് ബീച്ചിൽ സ്വീകരണമുണ്ട്. യാത്രയുടെ ചെലവും താമസവും ഭക്ഷണവും അതത് സ്ഥലത്തെ ജെ.സി.ഐ. ചാപ്റ്റർ ഒരുക്കും. ബ്ളോഗ് ചെയ്തുകൊണ്ട്‌, നടന്നുള്ള യാത്ര കേരളത്തിൽ ആദ്യമായാണെന്ന് സാഗർ അവകാശപ്പെട്ടു. സൈക്കോ സഞ്ചാരി എന്ന യു ട്യൂബ് ചാനലും സാഗറിനുണ്ട്.

ശനിയാഴ്ച രാവിലെ നിലമ്പൂർ വ്യാപാരഭവനിൽ നടന്ന പരിപാടിയിൽ ജെ.സി.ഐ. നിലമ്പൂർ ഗോൾഡൻവാലി ഡഫോഡിൽസ് പ്രസിഡന്റ് എസ്. സ്‌നിത അധ്യക്ഷതവഹിച്ചു. പി.വി. അബ്ദുൾവഹാബ് എം.പി. യാത്ര ഫ്ളാഗ്ഓഫ് ചെയ്തു. ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. കോ-ഓർഡിനേറ്റർ അരുൺ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് വിനോദ് പി. മേനോൻ, സാഗറിന്റെ അച്ഛൻ കെ.ആർ. രജീഷ്, അമ്മ ഡോ. സിന്ധ്യ, ജെ.സി.ഐ. മുൻ പ്രസിഡന്റ് കെ.എസ്. ചിത്ര എന്നിവർ പങ്കെടുത്തു.